പാകിസ്ഥാനിൽ ഭീകരാക്രമണം; പത്ത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ പത്ത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ തെഹ്‌രീക് -ഇ -താലിബാൻ പാകിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു.
ദേര ഇസ്മയിൽ ഖാനിലെ ദരാബൻ മേഖലയിലുള്ള ചെക്‌പോസ്റ്റിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിലാണ് പത്ത് പൊലീസുകാർ കൊല്ലപ്പെട്ടത്. പാക്- അഫ്ഗാൻ അതിർത്തി പ്രദേശമാണിത്. ആക്രമണം ഖൈബർ പഖ്തൂൺഖ്വയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയുടെ മുഖ്യമന്ത്രിയായ അലി അമിൻ ഘാൻ ഖണ്ഡാപൂർ സ്ഥിരീകരിച്ചു.
ടിടിപിയുടെ മുതിർന്ന നേതാവ് ഉസ്താദ് ഖുറേഷിയെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ആക്രമണമെന്ന് സംഘടന അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബജൗർ ജില്ലയിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ട ഒമ്പത് പേരിൽ ഒരാളായിരുന്നു ഉസ്താദ് ഖുറേഷി. താലിബാൻ പ്രസ്ഥാനത്തിൽ നിന്ന് വേറിട്ടു നിൽക്കുന്ന തെഹ്‌രീക് ഇ താലിബാൻ, പാക് സുരക്ഷാ സേനയെ ലക്ഷ്യമിട്ടുകൊണ്ട് നിരവധി ആക്രമണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. 2021ൽ അഫ്ഗാനിൽ താലിബാൻ സർക്കാർ വന്ന ശേഷം പാകിസ്താനിൽ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളിൽ വർധനവുണ്ടായിട്ടുണ്ട്.
ടിടിപി അഫ്ഗാൻ താലിബാൻ പ്രസ്ഥാനത്തിൽ നിന്ന് വ്യത്യസ്തമാണ്. എന്നാൽ 2021ൽ യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സേന പിൻവാങ്ങിയതിന് ശേഷം ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന ഗ്രൂപ്പുമായി ഐക്യത്തിലാണ്. ടിടിപി അഫ്ഗാനിസ്ഥാനെ ഒരു താവളമായി ഉപയോഗിക്കുന്നുണ്ടെന്നും, ഭരണകക്ഷിയായ താലിബാൻ ഭരണകൂടം അതിർത്തിയോട് ചേർന്നുള്ള ഗ്രൂപ്പിന് സുരക്ഷിത താവളമൊരുക്കുന്നുണ്ടെന്നും ഇസ്ലാമാബാദ് പറയുന്നു. എന്നാൽ, താലിബാൻ ഇത് നിഷേധിച്ചു.