
ബംഗ്ലാദേശില്‍ ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ തിരികെ എത്തിച്ചു തുടങ്ങി. ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ചേര്‍ന്നാണ് വിദ്യാര്‍ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സിവില്‍ ഏവിയേഷന്‍, ഇമിഗ്രേഷന്‍, ലാന്‍ഡ് പോര്‍ട്ടുകള്‍, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നവയെ ഏകോപിപ്പിച്ചാണ് ഇന്ത്യന്‍ പൗരൻമാരെ നാട്ടില്‍ എത്തിക്കുന്നത്. ഇതുവരെ വിവിധ ലാന്‍ഡ് പോര്‍ട്ടുകളിലൂടെ 778 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് നാട്ടിലേക്ക് തിരികെ എത്തിയിരിക്കുന്നത്. ധാക്കയില്‍ നിന്നുമുള്ള പതിവ് വിമാന സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി 200 വിദ്യാര്‍ഥികളും നാട്ടിലെത്തിയിട്ടുണ്ട്.
ബംഗ്ലാദേശില്‍ വിവധ സര്‍വകലാശാലകളിലായി പഠിക്കുന്ന 4000ല്‍ അധികം വിദ്യാര്‍ഥികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഹൈക്കമ്മീഷന്‍ അറിയിച്ചു. നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അഭ്യര്‍ഥന പ്രകാരം ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശ് സിവില്‍ ഏവിയേഷന്‍ അധികൃതരുമായി ഏകോപിപ്പിച്ച് ധാക്കാ, ചിറ്റഗോങ് വിമാനത്താവളങ്ങളില്‍ നിന്നും ഇടതടവില്ലാതെ ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ നടത്താനുള്ള ശ്രമങ്ങളിലാണ് ഹൈക്കമ്മീഷൻ. ഇതു സാധ്യമായാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് തിരികെയെത്താന്‍ സാധിക്കും.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്. 1971 ലെ സംവരണ സംവിധാനം വീണ്ടം പ്രാവര്‍ത്തികമാക്കുവാന്‍ പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. വിവാദ സംവരണ നിയമ പ്രകാരം സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം ക്വോട്ട 1971ലെ പാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കാണ്. എന്നാല്‍ ഈ ക്വോട്ടയുടെ സൗകര്യം കിട്ടുന്നത് ഷേയ്ക്ക് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കാണെന്നാണ് ആരോപണം. കഴിഞ്ഞ ആഴ്ച മാത്രം ആഭ്യന്തര സംഘര്‍ഷത്തില്‍ 115 പേരാണ് കൊല്ലപ്പെട്ടത്.