
ഗുജറാത്തിൽ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പതിനാറുകാരനായ ഇൻസ്റ്റഗ്രാം ഫ്രണ്ട് പിടിയിൽ. ആരവല്ലി ജില്ലയിലെ ധൻസുര ഗ്രാമത്തിലെ വീട്ടിൽ നിന്ന് 10 വയസുകാരിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ കേസ് ഫയൽ ചെയ്യുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്.
"മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി അമ്മയുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതായി കണ്ടെത്തി. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലൂടെയാണ് പെൺകുട്ടി 16 വയസുകാരനുമായി പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും നിരന്തരം ചാറ്റ് ചെയ്യുകയും, ഫോണിൽ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. തുടർന്ന് ആൺകുട്ടി പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോകുകയും, വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു,"പൊലീസ് പറഞ്ഞു. പെൺകുട്ടിയും സഹോദരിയും മാതാപിതാക്കളുടെ ഫോണുകളിലാണ് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചിരുന്നത്. ഇവർ ഏഴ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നുവെന്നും, അതിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ സജീവമെന്നും പൊലീസ് പറയുന്നു.
ആൺകുട്ടിയെ നിലവിൽ മെഹ്‌സാനയിലെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.