
ഒരു ദിവസം നീണ്ട 'ബ്ലാക്ക് ഔട്ടിന്' ശേഷം വെനസ്വേലയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രിയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. നിലവിലെ രാജ്യത്തെ പ്രധാന എണ്ണ ഉല്പാദന കേന്ദ്രമായ സുലിയയില് പക്ഷെ ഇപ്പോഴും വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല. ഓഗസ്റ്റ് 29നാണ് രാജ്യത്തിൻ്റെ ഭൂരിഭാഗം മേഖലകളെയും ഇരുട്ടിലാക്കി വെനസ്വേലയിൽ വൈദ്യുതി തടസമുണ്ടായത്.
രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടായ ഗുരിക്ക് നേരെയുണ്ടായ ആക്രമണമാണ് വലിയ ബ്ലാക്ക്ഔട്ടിലേക്ക് നയിച്ചതെന്നാണ് വെനസ്വേല സർക്കാർ ആരോപിക്കുന്നത്. എന്നാൽ, ആക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. വെനസ്വേലയിലേക്കുള്ള ഭൂരിഭാഗം വൈദ്യുതിയും ഉല്പാദിപ്പിക്കുന്നത് ഗുരി അണക്കെട്ടിൽ നിന്നാണ്. വിവിധ സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈൻ 765ന് നേരെയുണ്ടായ അട്ടിമറി ശ്രമമാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ വ്യക്തമാക്കി.
എന്നാൽ, വൈദ്യുതി സംവിധാനങ്ങളിലെ അറ്റകുറ്റപ്പണികളുടെ അഭാവവും, വൈദ്യുതി വിൽപനയും, നിക്ഷേപങ്ങളിലെ അഴിമതിയുമാണ് വെനസ്വേലയെ വർഷങ്ങളായി ബാധിച്ചിരിക്കുന്ന ബ്ലാക്ക്ഔട്ടുകൾക്ക് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 2019ലും വെനസ്വേലയിൽ രാജ്യവ്യാപകമായി ദിവസങ്ങളോളം വൈദ്യുതി മുടക്കം സംഭവിച്ചിരുന്നു.