
വനിതാ പ്രീമിയര്‍ ലീഗ് 2025ൽ മിനി താരലേലം തുടങ്ങി മണിക്കൂറുകൾക്കകം തന്നെ താരമായി തമിഴ്‌നാടിൻ്റെ ജി. കമാലിനി. 1.60 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസാണ് കൗമാര താരത്തെ റാഞ്ചിയത്. കമാലിനിക്ക് വേണ്ടിയുള്ള ലേലത്തിനിടെ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിൽ വാശിയേറിയ യുദ്ധം തന്നെയാണ് അരങ്ങേറിയത്. തമിഴ്‌നാട് ഓൾറൗണ്ടർക്ക് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത് 10 ലക്ഷം രൂപയായിരുന്നു.
ആഭ്യന്തര ടൂർണമെൻ്റുകളിലെ കമാലിനിയുടെ സമീപകാല പ്രകടനങ്ങൾ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ഇടയിൽ കാര്യമായ മതിപ്പ് സൃഷ്ടിച്ചിരുന്നു. അണ്ടർ 19 വനിതാ ടി20 ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു അവർ. ഒക്ടോബറിൽ തമിഴ്നാടിൻ്റെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച കമാലിനി എട്ട് മത്സരങ്ങളിൽ നിന്ന് 311 റൺസ് നേടി. പത്ത് സിക്സറുകൾ ഉൾപ്പെടെ അടിച്ചുകൂട്ടിയുള്ള പവർ ഹിറ്റിങ് ശൈലി സെലക്ടർമാരുടെ ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു.
ഇന്ത്യ ബി ടീമിനായി അണ്ടർ 19 ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ 79 റൺസാണ് കമാലിനിയുടെ കരിയറിലെ മികച്ച ഇന്നിങ്സ്. അണ്ടർ 19 ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ 29 പന്തിൽ 44 റൺസ് അടിച്ചുകൂട്ടിയ ദിവസം തന്നെയാണ് മുംബൈയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും. തകർപ്പൻ ബാറ്റർ ആണെന്നതിന് പുറമെ മികവുറ്റൊരു പാർട് ടൈം സ്പിന്നർ കൂടിയാണ് കമാലിനി.
കമാലിനിയുടെ മികച്ച ഭാവിയിലും പ്രതിഭയിലുമുള്ള ഉറച്ച വിശ്വാസമാണ് കമാലിനിയെ പണമെറിഞ്ഞ് സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസിനെ പ്രേരിപ്പിച്ചത്. ചെന്നൈ സൂപ്പർ കിങ്സ് അക്കാഡമിയിലൂടെ വളർന്നു വന്ന താരമാണ് കമാലിനി. ഇനി അവൾ മുംബൈ ഇന്ത്യൻസിൻ്റെ അക്കാദമിയിലൂടെ ദേശീയ ടീമിലും കയറിപ്പറ്റുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.