പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഇരുവരും ജീവനൊടുക്കിയത്. പരീക്ഷയിൽ പരാജയപ്പെടുമോ എന്ന ഭയത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്
തെലങ്കാനയിൽ രണ്ട് നീറ്റ് വിദ്യാർഥികൾ ജീവനൊടുക്കി. പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഇരുവരും ജീവനൊടുക്കിയത്. പരീക്ഷയിൽ പരാജയപ്പെടുമോ എന്ന ഭയത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. തെലങ്കാനയിൽ നിന്നുള്ള വിദ്യാർഥികളായ ജംഗ പൂജ, രായി മനോജ് കുമാർ എന്നിവരാണ് ജീവനൊടുക്കിയത്.
ALSO READ: ജഡ്‌ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി; 33ല്‍ 21 ജഡ്‌ജിമാരുടെ വിവരങ്ങൾ പുറത്ത്
ജഗ്തിയാൽ ജില്ലയിൽ നിന്നുള്ള ജംഗ പൂജ, 2023ലാണ് ആദ്യമായി നീറ്റ് പരീക്ഷ എഴുതുന്നത്. അന്ന് പ്രതീക്ഷിച്ച പോലെയുള്ള റിസൾട്ട് ലഭിച്ചിരുന്നില്ല. അതിന് ശേഷം ഇവർ മികച്ച പരിശീലനത്തിനായി കോച്ചിംഗിന് ചേർന്നിരുന്നു. മെയ് നാലിന് ജംഗ പൂജ വീണ്ടും പരീക്ഷ എഴുതിയി. ഒരു പ്രാവശ്യം പരാജയപ്പെട്ടതിനാൽ പരീക്ഷയിൽ വിജയിക്കാൻ സാധിക്കുമോ എന്ന് ഇവർക്ക് പേടിയുണ്ടായിരുന്നു. തുടർന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ജംഗ പൂജ ചോദ്യപേപ്പറും ഉത്തരങ്ങളും പരിശോധിച്ചപ്പോൾ, ഇത്തവണയും നല്ല റാങ്ക് തനിക്ക് നേടാനാവില്ല എന്ന പേടിയെത്തുടർന്ന് ജീവനൊടുക്കുകയായിരുന്നു.
തെലങ്കാനയിലെ ആദിലാബാദിൽ നിന്നുള്ള വിദ്യാർഥി, രായി മനോജ് കുമാർ നീറ്റ് പരീക്ഷയിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതിൻ്റെ മനോവിഷമത്തെ തുടർന്ന് ജീവനൊടുക്കുകയായിരുന്നു. ഒരു അധ്യാപകന്റെ മകനായ മനോജ് ഹൈദരാബാദിലാണ് നീറ്റ് കോച്ചിംഗിന് പോയിരുന്നത്. പരീക്ഷ എഴുതി വീട്ടിലെത്തിയ മനോജ് വിഷമത്തിൽ ജീവനൊടുക്കുകയായിരുന്നു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) ഇന്ത്യയിലെ ദേശീയ തലത്തിലുള്ള മെഡിക്കൽ പ്രവേശന പരീക്ഷയാണ്. ബിരുദ മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യത നിർണയിക്കുന്നതിനുള്ള പരീക്ഷയാണിത്. മെയ് നാലിന് നടന്ന നീറ്റ് പരീക്ഷയ്ക്ക് 22 ലക്ഷത്തിലധികം വിദ്യാർഥികളായിരുന്നു രജിസ്റ്റർ ചെയ്തത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)