ഇരുവരും ടിഡിപിയിലേക്ക് എന്നതിൻ്റെ വ്യക്തമായ സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിനെ ഇരു നേതാക്കളും അടുത്തിടെ കണ്ടിരുന്നു.
വൈഎസ്ആർ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽ നിന്ന് രണ്ട് രാജ്യസഭ എംപിമാർ രാജിവച്ച് ടിഡിപിയിലേക്ക് പോകുന്നതായാണ് വിവരം. മോപിദേവി വെങ്കിട്ടരമണയും ബേദ മസ്താൻ റാവുവുമാണ് പാർട്ടി ഉപേക്ഷിക്കുന്ന രണ്ട് വൈഎസ്ആർസിപി എംപിമാർ. ഉപാധ്യക്ഷനും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖർ ഇവരുടെ രാജി സ്വീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെങ്കിട്ടരമണയുടെ രാജ്യസഭയിലെ കാലാവധി 2026 ജൂൺ വരെയാണെങ്കിൽ, 2028 ജൂൺ വരെയായിരുന്നു റാവുവിൻ്റെ കാലാവധി. ഇരുവരും ടിഡിപിയിലേക്ക് ചേരുന്നു എന്ന വ്യക്തമായ സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിനെ ഇരു നേതാക്കളും അടുത്തിടെ കണ്ടിരുന്നു.
രണ്ട് എംപിമാരുടെ കൊഴിഞ്ഞു പോക്കിനു ശേഷം വൈഎസ്ആർസിപിക്ക് രാജ്യസഭയിൽ ഒമ്പതും ലോക്സഭയിൽ നാല് എംപിമാരുമാണുള്ളത്.നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് ശേഷം പാർട്ടിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പാടുപെടുകയാണ് ജഗൻമോഹൻ റെഡ്ഡി. ഇത്തവണ നാല് ലോക്‌സഭാ സീറ്റുകൾ മാത്രം ലഭിക്കുകയും, നിലവിലെ സ്ഥിതിയിൽ രാജ്യസഭാ അംഗബലം കുറയുകയും ചെയ്തതോടെ ഡൽഹിയിൽ വൈഎസ്ആർസിപിയുടെ സ്വാധീനം കുറഞ്ഞുവരികയാണ്.
Also Read: ആറ് കുട്ടികളുടേതടക്കം ഏഴ് പേരുടെ ജീവനെടുത്തു; 72 മണിക്കൂറിന് ശേഷം കൊലയാളി ചെന്നായ പിടിയിൽ
രാജിവെച്ച രണ്ട് എംപിമാർ ഇത്തവണ ടിഡിപിയിൽ നിന്ന് രാജ്യസഭാ എംപിമാരായി വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ട്.2019 മുതൽ സീറ്റ് ലഭിക്കാത്ത രാജ്യസഭയിൽ അക്കൗണ്ട് വീണ്ടും തുറക്കുമെന്നതിനാൽ ടിഡിപിക്കും ഇത് സന്തോഷവാർത്തയാണ്. മുമ്പ് ടിഡിപിയിലായിരുന്ന റാവു 2009 മുതൽ 2014 വരെ ആന്ധ്രയിലെ കവാലി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2019ലാണ് വൈഎസ്ആർസിപിയിൽ ചേരുന്നത്. വെങ്കിട്ടരമണയാകട്ടെ കോൺഗ്രസിനൊപ്പമായിരുന്നു രാഷ്ട്രീയ യാത്ര തുടങ്ങിയത്. ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ സർക്കാരിൽ സംസ്ഥാന മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം രണ്ട് തവണ എംഎൽഎയായിരുന്നു.