
റിയാദില്‍ ലഹരിക്കടത്തും അതുമായി ബന്ധപ്പെട്ട പ്രധാന ക്രമിനില്‍ ശൃംഖലയും നശിപ്പിച്ചതായി സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 21 പേരെ അറസ്റ്റു ചെയ്തു. ഇതില്‍ 16 പേര്‍ ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ്, പ്രതിരോധ മന്ത്രാലയം, മുന്‍സിപ്പാലിറ്റികള്‍, ഭവന മന്ത്രാലയം, നീതിന്യായ മന്ത്രാലയം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ടവരാണെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു വരികയാണ്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ അധികൃതര്‍ നശിപ്പിക്കുന്നതിന് മുമ്പായി മാറ്റി സ്ഥാപിക്കുക, ലഹരിക്കടത്ത് നടത്തുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടവര്‍ക്കെതിരായ പ്രധാന ആരോപണങ്ങള്‍.
ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുക, നിയമവിരുദ്ധമായ വസ്തുക്കള്‍ വില്‍പ്പന നടത്തുക, ലഹരിക്കേസുകളില്‍ പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കുക എന്നിവയടക്കമുള്ള ആരോപണങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട്. ദേശ സുരക്ഷയ്ക്കും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഒന്നിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി.