വർധിച്ചു വരുന്ന മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തിന് 30 കോടി രൂപ അനുവദിച്ചതിന് പിന്നാലെയാണ് മാവോയിസ്റ്റ് പ്രവർത്തകർ കീഴടങ്ങിയത്
ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റ് പ്രവർത്തകർ പൊലീസിൽ കീഴടങ്ങി. 28 ലക്ഷത്തോളം രൂപ തലയ്ക്ക് വിലയിട്ടിരുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടുന്ന അഞ്ചംഗ സംഘവും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. വർധിച്ചുവരുന്ന മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തിന് 30 കോടി രൂപ അനുവദിച്ചതിന് പിന്നാലെയാണ് മാവോയിസ്റ്റ് പ്രവർത്തകർ കീഴടങ്ങിയത്.
ഛത്തീസ്‌ഗഢിലെ ബിജാപൂർ ജില്ലയിലെ ഗാംഗ്ലൂർ, ഭൈരംഗഡ് മേഖലയിലെ 25 മാവോയിസ്റ്റ് പ്രവർത്തകരാണ് പൊലീസിൽ കീഴടങ്ങിയത്. ഇതിൽ ശംപതി മഡ്കം, ജ്യോതി പൂനം, മഹേഷ് തേലം എന്നിവരുടെ തലയ്ക്ക് എട്ട് ലക്ഷം രൂപ വീതമായിരുന്നു സർക്കാർ വിലയിട്ടിരുന്നത്. 2012 മുതൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന ശംപതി മഡ്കം, പിഡിയ ഗ്രാമത്തിൽ ഈ വർഷം 12 നക്സലുകൾ കൊല്ലപ്പെട്ട ആക്രമണം, 2020ൽ 17 പേർക്ക് ജീവൻ നഷ്ടപ്പെട്ട മിൻപ ആക്രമണം എന്നിവയിൽ ഉൾപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.
മാവോയിസ്റ്റ് ആശയങ്ങളിലെ വിശ്വാസം നഷ്ടമായതും ആദിവാസികളോടുള്ള നേതാക്കളുടെ മോശം പെരുമാറ്റവുമാണ് പ്രസ്ഥാനം ഉപേക്ഷിക്കാനുള്ള കാരണമെന്ന് കീഴടങ്ങിയവർ ചൂണ്ടിക്കാട്ടി. ഇവർക്ക് 25,000 രൂപ ധനസഹായം നൽകിയതായും സർക്കാർ നയമനുസരിച്ച് പുനരധിവാസമുൾപ്പെടെയുള്ള കാര്യങ്ങൾ ലഭ്യമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു.
അടുത്ത രണ്ട് മാസത്തിനുള്ളിൽ മാവോയിസ്റ്റ് പ്രവർത്തകർക്കുള്ള പുതിയ കീഴടങ്ങൽ നയം കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു പ്രവർത്തകരുടെ അപ്രതീക്ഷിത കീഴടങ്ങൽ. ഇതോടെ ജില്ലയിൽ ഈ വർഷം ഇതുവരെ 170 നക്‌സലൈറ്റുകളാണ് കീഴടിങ്ങിയത്. കൂടാതെ, ഇതേ കാലയളവിൽ ജില്ലയിൽ 346 മാവോയിസ്റ്റുകൾ അറസ്റ്റിലായതായും എസ്‌പി ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു.
ALSO READ: 2026ഓടെ ഇന്ത്യയെ മാവോയിസ്റ്റ് ഭീഷണിയിൽ നിന്ന് മുക്തമാക്കും: അമിത് ഷാ