
തെക്കൻ ലബനനിൽ നാട്ടുകാരും ഇസ്രയേൽ പ്രതിരോധ സേനയും തമ്മിൽ സംഘർഷം. ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 31ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സൈനിക സാന്നിധ്യം വകവെയ്ക്കാതെ ജനങ്ങൾ അവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങിയതോടെയാണ് സംഘർഷം ഉടലെടുത്തത്. വെടിനിർത്തൽ കരാർ പ്രകാരം സൈനിക പിൻമാറ്റത്തിനുള്ള സമയ പരിധി അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
വെടിനിർത്തൽ കരാർ പ്രകാരമുള്ള സൈനിക പിന്മാറ്റം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ ഇസ്രയേൽ സൈന്യം ലബനിൽ നിന്ന് പൂർണമായി പിൻമാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. കരാർ വ്യവസ്ഥകൾ ലബനൻ പൂർണമായി പാലിച്ചില്ലെന്ന് കാട്ടിയാണ് തീരുമാനമെന്നും നെതന്യാഹു പറഞ്ഞു.
1.2 ദശലക്ഷത്തിലധികം പേർ കുടിയൊഴിപ്പിക്കപ്പെടുകയും ആയിരങ്ങള്‍ കൊല്ലപ്പെടുകയും ചെയ്ത ഹിസ്ബുള്ള- ഇസ്രയേല്‍ സംഘർഷം അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞവർഷം നവംബറിലാണ് ലബനന്‍ വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നത്. കരാർ വ്യവസ്ഥകള്‍ പ്രകാരം, 60 ദിവസത്തിനകം ലബനനില്‍ നിന്ന് ഇസ്രയേല്‍ സെെന്യത്തെ പൂർണ്ണമായി പിന്‍വലിക്കണം. ഈ സമയപരിധി ജനുവരി 26ന് അവസാനിക്കുമെന്നിരിക്കെയാണ് കരാറിനെ തള്ളിക്കൊണ്ട് ഇസ്രയേല്‍ മുന്നോട്ടുനീങ്ങിയത്.
മുൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനായിരുന്നു ഇസ്രയേലും ലബനനും തമ്മിൽ വെടിനിർത്തൽ ധാരണയായെന്ന് ലോകത്തെ അറിയിച്ചത്. 10-1 എന്ന വോട്ടുനിലയിയോടെയാണ് ഇസ്രയേൽ ക്യാബിനറ്റിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചത്. പ്രഖ്യാപനം വന്നതിന് പിന്നാലെ തെക്കൻ ലബനനിലേക്ക് ആളുകൾ തിരിച്ച് മടങ്ങിയിരുന്നു. മാസങ്ങൾ നീണ്ടുനിന്ന ജീവിതത്തിനും മരണത്തിനുമിടയിലെ അനിശ്ചിതാവസ്ഥക്ക് ആയിരുന്നു വെടിനിർത്തലിലൂടെ വിരാമമായത്. വെടിനിർത്തൽ കരാർ പ്രകാരം സൈനിക പിൻമാറ്റത്തിനുള്ള സമയ പരിധി അവസാനിച്ചിട്ടും ഇപ്പോൾ ഉണ്ടായ സംഘർഷം ആശങ്കയ്ക്ക് വഴിവയ്ക്കുന്നതാണ്.