
ഉത്തർപ്രദേശിലെ ഒരു വീട്ടു മുറ്റത്തു നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കണ്ടെടുത്ത അസ്ഥികൂടത്തിന് 30 വർഷം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതേ വീട്ടിൽ താമസിക്കുന്ന യുവാവിൻ്റെ പരാതിയെത്തുടർന്നാണ് പൊലീസ് എത്തി വീട്ടു മുറ്റത് കുഴിച്ച് നോക്കിയത്. 30 വർഷം മുൻപ് തൻ്റെ പിതാവ് കൊല്ലപ്പെട്ടുവെന്നും. അമ്മയും സഹോദരങ്ങളും ചേർന്ന് അദ്ദേഹത്തെ കൊലപ്പെടുത്തി വീട്ടു മുറ്റത്ത് കുഴിച്ചിട്ടതാണെന്നും യുവാവ് പൊലീസിനെ അറിയിക്കുകയായിരുന്നു.
യുപിയിലെ ഹത്രാസിലാണ് സംഭവം. 1994 ൽ ബുദ്ധ് സിംഗ് എന്ന തൻ്റെ പിതാവിലെ കാണാതായതായി മകൻ പഞ്ചാബി സിംഗ് പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തി വീട്ടിൽ മൃതദേഹം കുഴിച്ചിട്ടെന്നും ആരോപിച്ച് പഞ്ചാബി സിംഗ് ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് രോഹിത് പാണ്ഡെയുടെ ഓഫീസിൽ പരാതി നൽകി. തന്റെ അമ്മ ഊർമിളയും മുതിർന്ന രണ്ട് സഹോദരന്മാരും ചേർന്നാണ് കൊല നടത്തിയതെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
ജില്ലാ മജിസ്ട്രേറ്റിൻ്റെ ഉത്തരവ് പ്രകാരം പൊലീസ് ഇവരുടെ വീട്ടിലെത്തി മുറ്റം കുഴിച്ചു. അവിടെ നിന്ന് അസ്ഥികൂടം കണ്ടെടുക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് ഹത്രാസിലെ മുർസാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗിലോണ്ട്പൂർ ഗ്രാമത്തിലെ ഇദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് നിന്നും അസ്ഥികൂടം കണ്ടെത്തിയത്. പിന്നീട്, ഇത് പോസ്റ്റുമോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കും അയക്കുകയായിരുന്നു.
കൊല്ലപ്പെട്ടതായി പറയുന്ന ബുദ്ധ സിംഗ് കർഷകനായിരുന്നു. ഊർമ്മിള -ബുദ്ധ് സിംഗ് ദമ്പതികൾക്ക് പ്രദീപ്, മുകേഷ്, ബസ്തിറാം, പഞ്ചാബി സിംഗ് എന്നീ നാല് ആൺമക്കളുണ്ടായിരുന്നു. ഇപ്പോൾ 40 വയസ്സുള്ള പഞ്ചാബി സിംഗ്, 30 വർഷം മുമ്പ് തൻ്റെ പിതാവും ജ്യേഷ്ഠന്മാരും തമ്മിൽ ഒരു വഴക്ക് നടന്നിരുന്നു എന്ന് ഓർക്കുന്നുണ്ട്. ഈയടുത്ത് സഹോദരങ്ങളുമായി നടന്ന വഴക്കിനെ തുടർന്നാണ് പഞ്ചാബി സിംഗ് അച്ഛൻ്റെ മരണവുമായി ബന്ധപ്പെട്ട് പരാതിയുമായി എത്തിയത്.
എന്നാൽ പൊലീസിന് ഇതുവരെ പരാതി ലഭിച്ചില്ലെന്നും. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം അന്വേഷണം നടക്കുമെന്നും പൊലീസ് പറഞ്ഞു.