
ഇൻസ്റ്റഗ്രാമിൽ വൈറലാവാൻ ജീവൻ പണയം വെച്ച് അപകടകരമായി റീലുകൾ ചിത്രീകരിക്കുന്ന ആളുകളുടെ രാജ്യത്ത് എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇത്തരത്തിൽ അറസ്റ്റിലായ പലരെയും നമ്മൾ കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ ഉത്തർപ്രദേശിലെ അമേഠിയിൽ ദേശീയപാതയുടെ സൈൻ ബോർഡിൽ തൂങ്ങി നിന്ന് പുൾ അപ് ചെയ്യുന്ന റീൽ പോസ്റ്റ് ചെയ്ത വിരുതനെ തെരയുകയാണ് പൊലീസ്.
ഉത്തർപ്രദേശിലെ നാഷണൽ ഹൈവേ 931ൽ ചിത്രീകരിച്ച വീഡിയോയിൽ, ഒരു യുവാവ് തൻ്റെ മസിലുകൾ പ്രദർശിപ്പിച്ച് സൈൻ ബോർഡിൽ പുൾ അപ്പ് എടുക്കുന്നതായി കാണാം. റോഡിൽ നിന്ന് ഏകദേശം 10 മീറ്റർ ഉയരത്തിലുള്ള ബോർഡിൽ നിന്നാണ് ഈ അഭ്യാസ പ്രകടനം. സൈൻ ബോർഡിൻ്റെ ഒരു വശത്ത് മറ്റൊരാൾ ഇരിക്കുന്നതായും കാണാം.
വൈറൽ ക്ലിപ്പിൽ പ്രതികരണവുമായി അമേഠി പൊലീസ് രംഗത്തെത്തി. വിഷയം അന്വേഷിക്കുകയാണ് എന്നായിരുന്നു പൊലീസിൻ്റെ പ്രതികരണം. ഇത്തരം അഭ്യാസങ്ങൾ ചെയ്യുന്നവർക്കെതിരെ നിയമാനുസൃതമായ നിയമനടപടി സ്വീകരിക്കുമെന്നും എക്സ് പോസ്റ്റിലൂടെ പൊലീസ് അറിയിച്ചു.