കണ്ണൂരിൽ ഭിന്ന ശേഷിക്കാരിയായ കുട്ടിയെ കസേരയിൽ കെട്ടിയിട്ടതിൽ നടപടി; സ്കൂൾ പ്രിൻസിപ്പൾ ഉൾപ്പെടെ 4 പേർക്ക് സസ്പെൻഷൻ

സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയെന്ന് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് ന്യൂസ് മലയാളത്തോട് പറഞ്ഞു
കണ്ണൂരിൽ ഭിന്ന ശേഷിക്കാരിയായ കുട്ടിയെ കസേരയിൽ കെട്ടിയിട്ടതിൽ നടപടി; സ്കൂൾ പ്രിൻസിപ്പൾ ഉൾപ്പെടെ 4 പേർക്ക് സസ്പെൻഷൻ
Published on


കണ്ണൂർ ശിശുമിത്രം ബഡ്‌സ് സ്കൂ‌ളിൽ ഭിന്ന ശേഷിക്കാരിയായ കുട്ടിയെ കസേരയിൽ കെട്ടിയിട്ടതിൽ നടപടി. സ്കൂൾ പ്രിൻസിപ്പൾ ഉൾപ്പെടെ നാല് പേർക്ക് സസ്പെൻഷൻ. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയെന്ന് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

കൈതേരി ആറങ്ങാട്ടേരിയിലെ ബഡ്‌സ് സ്കൂ‌ളിനെതിരെയായിരുന്നു പരാതി. 75 ശതമാനം ശാരീരിക വൈകല്യമുള്ള  പെൺകുട്ടിയോടായിരുന്നു സ്കൂൾ അധികൃതരുടെ കൊടും ക്രൂരത. അനങ്ങാൻപോലും കഴിയാത്ത വിധം കസേരയിൽ കുട്ടിയെ വരിഞ്ഞു മുറുക്കി കെട്ടിയിട്ടെന്നായിരുന്നു പരാതി. സ്കൂളിലെത്തുമ്പോൾ കുട്ടിയുടെ വസ്ത്രങ്ങൾ മൂത്രത്തിൽ നനഞ്ഞിരുന്ന നിലയിലായിരുന്നുവെന്നും അമ്മ പറയുന്നു. ഫെബ്രുവരി നാലിന് രാവിലെ പിടിഎ മീറ്റിങ്ങിൽ പങ്കെടുക്കാൻ കുട്ടിയുടെ അമ്മ സ്‌കൂളിലേക്ക് എത്തിയപ്പോഴായിരുന്നു  ക്രൂരത നേരിട്ടു കണ്ടത്.  

അമ്മയെ കണ്ട മകൾ കരഞ്ഞതോടെയാണ്  അധ്യാപിക കെട്ടഴിച്ചു വിട്ടത്. ഇത് ചോദ്യം ചെയ്തപ്പോൾ എഴുന്നേറ്റു നടക്കാതിരിക്കാൻ  പ്രിൻസിപ്പാലിന്റെ നിർദേശപ്രകാരം ചെയ്തത് എന്നായിരുന്നു അധ്യാപികയുടെ മറുപടി. നേരത്തെയും കുട്ടിയെ ഇത്തരത്തിൽ കെട്ടിയിടാറുണ്ടെന്ന് മറ്റ് കുട്ടികൾ പറഞ്ഞതായും കുട്ടിയുടെ അമ്മ പരാതിയിൽ പറഞ്ഞു. തുടർന്ന് മാങ്ങാട്ടിടം പഞ്ചായത്ത്‌ അധികൃതർ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ്  നാലുപേർക്കെതിരെ നടപടി എടുത്തത്.

പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിലാണ് പ്രിൻസിപ്പാൽ പി.വി. രേഖ, അധ്യാപികമാരായ കെ. പ്രമീള, ഒ. മൃതുല, ആയ കെ.പി. ആനന്ദവല്ലി എന്നിവരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സ്കൂളിൽ നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായതായി രക്ഷിതാക്കൾ പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com