സ്കൂൾ അധികൃതരുടെ പരാതിക്ക് പിന്നാലെ സ്കൂൾ ബസ് ഡ്രൈവർ, കണ്ടക്ടർ, അറ്റൻഡർ എന്നിവരെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു
ഡൽഹിയിൽ സ്കൂൾ ബസിൽ നാല് വയസുകാരി പീഡനത്തിനിരയായി. ഡൽഹി ഷഹ്ദാരയിലെ ആനന്ദ് വിഹാറിലാണ് സംഭവം. സ്കൂൾ അധികൃതരുടെ പരാതിക്ക് പിന്നാലെ സ്കൂൾ ബസ് ഡ്രൈവർ, കണ്ടക്ടർ, അറ്റൻഡർ എന്നിവരെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു.
പെൺകുട്ടി സ്കൂളിൽ നിന്ന് ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ രക്ഷിതാക്കൾ കുട്ടിയോട് വിവരം അന്വേഷിക്കുകയായിരുന്നു. കുട്ടി വിഷയം വീട്ടുകാരെ അറിയച്ചതോടെ ഇവർ സ്കൂൾ അധികൃതരെ വിവരമറിയിച്ചു. പിന്നാലെ സ്കൂൾ അധികൃതർ പൊലീസിന് പരാതി കൈമാറുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട്.
അതേസമയം, ആക്രമണത്തിൻ്റെ വിശദാംശങ്ങൾ നൽകാനും, കൂടുതൽ നിയമനടപടികൾക്കായി രേഖാമൂലം പരാതി നൽകാനും പെൺകുട്ടിയുടെ രക്ഷിതാക്കൾ മുന്നോട്ട് വന്നിട്ടില്ലെന്ന് ഡൽഹി പൊലീസ് പറയുന്നു. എന്നാൽ കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്താണ് ബസ് ഡ്രൈവർ, കണ്ടക്ടർ, സ്‌കൂളിലെ അറ്റൻഡർ എന്നിവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.