യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ; മിസൈലാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു

യുക്രെയ്ൻ സൈനിക വിദ്യാഭ്യാസ കേന്ദ്രത്തിലും ആശുപത്രിയിലുമാണ് രണ്ട് റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത്.
യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ; മിസൈലാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു
Published on




യുക്രെയ്നിൽ വൻ മിസൈലാക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ 51 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. യുക്രെയ്ൻ പോൾട്ടോവയിലെ സൈനിക വിദ്യാഭ്യാസ കേന്ദ്രത്തിലും ആശുപത്രിയിലുമാണ് രണ്ട് റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത്. ആക്രമണത്തിൽ സൈനിക വിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ ഒരു ഭാഗം പൂർണമായും തകർന്നതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട അലാറവും മിസൈലുകളുടെ വരവും തമ്മിലുള്ള ഇടവേള വളരെ കുറവായിരുന്നു. അതിനാൽ ആളുകൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കഴിഞ്ഞില്ലെന്നും ഇതോടെയാണ് മരണസംഖ്യ ഉയർന്നതെന്നും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.

"പോൾട്ടാവയിലെ റഷ്യൻ ആക്രമണത്തെക്കുറിച്ച് എനിക്ക് പ്രാഥമിക റിപ്പോർട്ടുകൾ ലഭിച്ചു. ലഭ്യമായ വിവരമനുസരിച്ച്, രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് പ്രദേശത്ത് പതിച്ചത്. ഒരു വിദ്യാഭ്യാസ സ്ഥാപനവും അടുത്തുള്ള ആശുപത്രിയുമായിരുന്നു റഷ്യയുടെ ലക്ഷ്യം. അവർ അതിലൊന്നിനെ ഭാഗികമായി നശിപ്പിച്ചു," സെലൻസ്കി എക്സിൽ കുറിച്ചു. പലരും കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും സെലൻസ്കി ആശങ്ക പങ്കുവെച്ചു. തെരച്ചിലും രക്ഷാപ്രവർത്തനവും നടക്കുന്നുണ്ടെന്നും നിരവധി പേരെ രക്ഷപ്പെടുത്തിയതായും യുക്രെയ്ൻ പ്രസിഡൻ്റ് വ്യക്തമാക്കി.

ആക്രമണത്തിൽ മരിച്ചവർക്ക് അനുശോചനമറിയിച്ചുകൊണ്ടുള്ള വീഡിയോയും സെലൻസ്കി പങ്കുവെച്ചിട്ടുണ്ട്. ആക്രമണത്തെക്കുറിച്ചും അതിൻ്റെ സാഹചര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണത്തിന് യുക്രെയ്ൻ പ്രസിഡൻ്റ് ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കിയതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും സെലൻസ്കി വീഡിയോയിലൂടെ വ്യക്തമാക്കി. 


ആക്രമണത്തെ ഭീകരാക്രമണം എന്ന് വിളിച്ച സെലെൻസ്‌കി, ഈ ഭീകരതയെ തടയാൻ ശക്തിയുള്ള ലോകത്തെ എല്ലാവരോടും സഹാമഭ്യർത്ഥിച്ചിട്ടുണ്ട്. യുക്രെയ്‌നിന് ഇപ്പോൾ വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ആവശ്യമാണ്. റഷ്യൻ ഭീകരതയിൽ നിന്ന് രാജ്യത്തെ ഇപ്പോൾ സംരക്ഷിക്കണമെന്നും കൂടുതൽ ജീവൻ നഷ്ടപ്പെടുന്നത് തുടരുകയാണെന്നും സെലൻസ്കി പറയുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com