ഏപ്രിൽ 28ന് പനി ബാധിച്ചത് പരിശോധിച്ചപ്പോഴാണ് പേ വിഷബാധയെന്ന് മനസിലായത്
യഥാസമയം വാക്സിന്‍ എടുത്തിട്ടും ഏഴ് വയസുകാരിക്ക് പേ വിഷബാധ. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിനിക്കാണ് പേ വിഷബാധയേറ്റത്. കുട്ടിയെ എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകദേശം ഒരു മാസം മുൻപാണ് കുട്ടിക്ക് പേ വിഷബാധയേറ്റത്.
കുട്ടിയുടെ നില ഗുരുതരമെന്ന് എസ്എടി സൂപ്രണ്ട് ബിന്ദു എസ്. പ്രതികരിച്ചു. കുട്ടിയെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ഡോസ് വാക്സിൻ മാത്രമാണ് നൽകാൻ ഉണ്ടായിരുന്നത്. വാക്സിൻ കൃത്യമായി നൽകി. വാക്സിൻ എടുത്തിട്ടും ഗുരുതരമാകുന്നത് അപൂർവ്വമായി സംഭവിക്കുന്നതാണ്. നേരിട്ട് ഞെരമ്പിൽ കടിയേൽക്കുന്നത് സ്ഥിതി ഗുരുതരമാക്കും. കുട്ടിക്ക് ആഴത്തിൽ കൈയ്യിന് മുറിവേറ്റെന്ന് മനസിലാക്കുന്നു. സാധ്യമായ ചികിത്സ നൽകുന്നു. വരുമ്പോൾ കുട്ടിക്ക് ബോധമുണ്ടായിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും എസ്എടി സൂപ്രണ്ട് ബിന്ദു എസ്. പ്രതികരിച്ചു.
ALSO READ: വിഴിഞ്ഞം പദ്ധതി: മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിൻ്റെ പുതിയ പരസ്യം
ഏപ്രിൽ എട്ടിന് ഉച്ചക്കാണ് ഏഴ് വയസുകാരിയെ പട്ടി കടിച്ചത്. വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു കുട്ടി. താറാവിനെ ഓടിച്ചെത്തിയ തെരുവ് നായ കുട്ടിയെ കടിക്കുകയായിരുന്നു. വലതു കൈമുട്ടിനാണ് കുട്ടിക്ക് കടിയേറ്റത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തു. അന്ന് തന്നെ ആന്‍റി റാബിസ് സിറവും നല്‍കിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. മെയ് ആറിന് ഒരു ഡോസ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഏപ്രിൽ 28ന് പനി ബാധിച്ചത് പരിശോധിച്ചപ്പോഴാണ് പേ വിഷബാധയെന്ന് മനസിലായത്. നായ വേറെ ആരെയെങ്കിലും കടിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം, കുട്ടിയെ കടിച്ച പട്ടി ചത്തെന്ന് വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് റെജീന പറഞ്ഞു. പട്ടിയുടെ കടിയേറ്റതിന് പിന്നാലെ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. കുട്ടിക്ക് കൃത്യമായി വാക്സിനെടുത്തിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കുട്ടിക്ക് കൃത്യമായി ചികിത്സ നൽകിയതായി റാബിസ് നോഡൽ ഓഫീസർ ഡോ. ശരത്ത് രാജൻ പറഞ്ഞു. വാക്സീൻ യഥാസമയം എടുത്തിരുന്നു. നായ ചത്തത് സംബന്ധിച്ച് പരിശോധിച്ച് വരുന്നുവെന്നും ഡോ. ശരത്ത് രാജൻ പറഞ്ഞു.