'ഞാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ കൈക്കൂലി വാങ്ങുന്ന ബിൽഡിങ് ഇൻസ്പെക്ടർ'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിടിയിലായ സ്വപ്ന

'പകുതിയിലധികം ബിൾഡിങ് ഇൻസ്പെക്ടർമാരും, ഹെൽത്ത് ഇൻസ്പെക്ടർമാരും കൈകൂലിക്കാർ'
'ഞാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ കൈക്കൂലി വാങ്ങുന്ന ബിൽഡിങ് ഇൻസ്പെക്ടർ'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിടിയിലായ സ്വപ്ന
Published on
Updated on

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൈക്കൂലി കേസിൽ പിടിയിലായ കൊച്ചിൻ കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന. പകുതിയിലധികം ബിൾഡിങ് ഇൻസ്പെക്ടർമാരും, ഹെൽത്ത് ഇൻസ്പെക്ടർമാരും കൈകൂലിക്കാർ. താനാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ കൈകൂലി വാങ്ങുന്നതെന്നും സ്വപ്ന വിജിലൻസിനോട് വെളിപ്പെടുത്തി. സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിജിലൻസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. മൂന്ന് ദിവസത്തേയ്ക്കാണ് സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങുക.

കൈകൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്വപ്ന ഒരു മാസം കൈകൂലിയായി മാത്രം മൂന്ന് ലക്ഷം രൂപ സമ്പാദിച്ചിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. കൈക്കൂലി പണമുപയോഗിച്ച് സ്ഥലവും വീടും വാങ്ങിയതായും വിജിലന്‍സിന് തെളിവ് ലഭിച്ചു. മറ്റ് കെട്ടിട ഇന്‍സ്‌പെക്ടര്‍മാരുമായി ചേര്‍ന്നും സ്വപ്ന കൈക്കൂലി വാങ്ങി. കെട്ടിട ഇന്‍സ്‌പെക്ടര്‍മാരും വിജിലന്‍സ് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് കെട്ടിട പെര്‍മിറ്റിന് 15,000 രൂപ കൈക്കൂലി സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്. കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയര്‍ ആണ് പിടിയിലായ സ്വപ്‌ന. ഇവര്‍ തൃശൂര്‍ മണ്ണൂത്തി സ്വദേശിനിയാണ്. എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് വൈറ്റില വൈലോപ്പിള്ളി റോഡില്‍ പൊന്നുരുന്നി ക്ഷേത്രത്തിന് സമീപം സ്വന്തം കാറില്‍ വെച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്‌ന പിടിയിലാവുന്നത്.

5000 സ്വക്വയര്‍ ഫീറ്റ് വിസ്തീര്‍ണവും അഞ്ച് കെട്ടിട നമ്പറും വരുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റിനായാണ് പ്രവാസി ഓണ്‍ലൈനായി അപേക്ഷ നല്‍കിയത്. സ്ഥല പരിശോധന നടത്തിയ ഉദ്യോഗസ്ഥ ഓരോ കെട്ടിടത്തിനും 5000 രൂപ വീതം കൈക്കൂലി നല്‍കണമെന്ന് പറഞ്ഞു. ഇത്രയും പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ അത് 15,000ത്തിലേക്ക് കുറയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരന്‍ എറണാകുളം വിജിലന്‍സ് മധ്യമേഖല ഓഫീസില്‍ പരാതി അറിയിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com