നിലവിൽ ഈ ഭാഗം ഗതാഗത്തിനായി തുറന്നു കൊടുത്തിട്ടില്ല
വടക്കൻ കേരളത്തിന് പിന്നാലെ മധ്യകേരളത്തിലെ ദേശീപാതയിലും വിള്ളൽ. തൃശൂർ ചാവക്കാട് ആണ് റോഡിൽ വിള്ളൽ കണ്ടെത്തിയത്. ദേശീയപാത 66 മണത്തലയിൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിനു മുകളിൽ ടാറിട്ട ഭാഗത്ത് വിള്ളൽ. 50 ഓളം മീറ്റർ നീളത്തിൽ വലിയ വിള്ളലാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡിൽ വിള്ളൽ വീണതിൻ്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാത്രി തന്നെ അധികൃതർ സ്ഥലത്തെത്തി വിള്ളൽ ടാറിട്ടടച്ചു. നിലവിൽ ഈ ഭാഗം ഗതാഗത്തിന് തുറന്നു കൊടുത്തിട്ടില്ല.
മഴക്കാലം ആരംഭിക്കുന്നതിന് മുന്നേതന്നെ ആശങ്കയാകുകയാണ് സംസ്ഥാനത്തെ ദേശീയപാതകൾ. രണ്ടുദിവസത്തിനിടെ മൂന്നിടങ്ങളിലാണ് ദേശീയപാതകൾ ഇടിഞ്ഞുവീണത്. മലപ്പുറത്ത് കൂരിയാടിന് പിന്നാലെ തലപ്പാറയിലും, കാസർഗോഡ് കാഞ്ഞങ്ങാടും ആറുവരിപാതയിടിഞ്ഞ് സർവീസ് റോഡ് തകർന്നു. രണ്ടുദിവസം പെയ്ത കനത്ത മഴയിലാണ് മൂന്നിടത്തും ദേശീയപാതകൾ തകർന്നത്. മഴ മൂലം അടിത്തറയിലുള്ള സമ്മർദമാണ് അപകട കാരണമെന്നാണ് നിഗമനം. കാലവർഷം ശക്തമാകുന്നതോടെ വലിയ രീതിയിലുള്ള ആശങ്കയാണ് ദേശീയപാതകൾ ഉയർത്തുന്നത്.
ALSO READ: പൊട്ടിപ്പിളരുന്ന ആറുവരിപാതകൾ; കാലവർഷം അടുക്കുമ്പോൾ ആശങ്കയിൽ ജനങ്ങൾ
മലപ്പുറം കൂരിയാടാണ് ആദ്യം ദേശീയപാത ഇടിഞ്ഞുവീണത്. പുതിയ ആറുവരി പാതയുടെ ഭാഗമാണ് ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിച്ചത്. സംഭവത്തിൽ മൂന്നംഗ വിദഗ്ധസമിതിയെ അന്വേഷണത്തിനായി ദേശീയപാത അതോറിറ്റി നിയോഗിച്ചിട്ടുണ്ട്. ഇന്ന് സംഘം സ്ഥലം സന്ദർശിച്ച റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ജില്ലാ കലക്ടർ വി.ആർ. വിനോദ് അറിയിച്ചത്.
കൂരിയാടിന് പിന്നാലെ മലപ്പുറം തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് തലപ്പാറ. നിർമാണം പൂർത്തിയായ റോഡിൻ്റെ മധ്യഭാഗത്താണ് വിള്ളൽ വീണത്. കാസർഗോഡ് കാഞ്ഞങ്ങാടും ദേശീയ പാതയുടെ സർവീസ് റോഡ് തകർന്നു വീണു. കനത്ത മഴയെ തുടർന്നാണ് റോഡിൻ്റെ ഒരുഭാഗം തകർന്നത്. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് ഇടിഞ്ഞുവീണത്. ഈ ഭാഗത്ത് മീറ്ററുകളോളം ആഴത്തില്‍ വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്.