എന്തുകൊണ്ട് സരിനെ സിപിഎം സ്വാഗതം ചെയ്യണം?: വീഡിയോ പങ്കുവെച്ച് എ.എ. റഹീം

ശരി പറഞ്ഞ സരിനെ നമ്മൾ സ്വീകരിക്കണം. അദ്ദേഹത്തെ ഹൃദയം കൊണ്ട് സ്വീകരിക്കാം. ചേർത്തുനിർത്താം
എന്തുകൊണ്ട് സരിനെ സിപിഎം സ്വാഗതം ചെയ്യണം?: വീഡിയോ പങ്കുവെച്ച്  എ.എ. റഹീം
Published on

ഡോ. പി.സരിനെ ഇടതു പക്ഷത്തേക്ക് സ്വാഗതം ചെയ്ത് എ.എ. റഹീം എംപി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സരിനെ സ്വാഗതം ചെയ്ത് കൊണ്ട് വീഡിയോ പങ്കുവച്ചത്. എന്തുകൊണ്ട് സരിനെ സ്വാഗതം ചെയ്യണമെന്ന ചോദ്യമുയർന്നാൽ സരിനുയർത്തിയ രാഷ്ട്രീയം പ്രസക്തമായതു കൊണ്ടെന്നായിരുന്നു എ.എ. റഹീം പറഞ്ഞത്.

എന്തുകൊണ്ട് വടകരയിൽ കെ. മുരളീധരനെ മാറ്റി പാലക്കാട് എംഎൽഎയെ അങ്ങോട്ടേക്ക് മാറ്റി?പാലക്കാട് ഉപതെരഞ്ഞടുപ്പ് കോൺഗ്രസ് ബോധപൂർവം വിളിച്ചുവരുത്തിയതാണ്. എന്തുകൊണ്ട് ഒരു ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് ബോധപൂർവം പാലക്കാട് പോലെ ഹൈലി സെൻസിറ്റീവായ ഒരു മണ്ഡലത്തിൽ വിളിച്ചുവരുത്തി ? ഈ രാഷ്ട്രീയ ചോദ്യം സരിൻ ഉയർത്തുന്നുണ്ട്. അത് പ്രസക്തമാണെന്നും റഹീം പറയുന്നു. 

ഇന്നലെകളിൽ ഡിവൈഎഫ്‌ഐയും ഇടതുപക്ഷ രാഷ്ട്രീയവും ഉയർത്തിയ അതേ ചോദ്യം, കോൺഗ്രസ് ഇതുവരെ ഉത്തരം പറയാത്ത ചോദ്യം. ഉപതെരഞ്ഞെടുപ്പ് വന്നാൽ ബിജെപിക്ക് ഒരു പ്രതീക്ഷയും നൽകാത്ത മണ്ഡലത്തിൽ കോൺഗ്രസ് ബോധപൂർവ്വമാണ് ഉപതെരഞ്ഞെടുപ്പ് ക്ഷണിച്ചുവരുത്തിയതെന്നും റഹീം പറഞ്ഞു.


ഇതൊക്കെ സരിൻ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ കാലയളവിൽ ബിജെപിക്കെതിരെ കോൺഗ്രസ് നടത്തിയ ഏതെങ്കിലും ഒരു സമരം പറയാമോ എന്ന സരിൻ്റെ ചോദ്യം തീർത്തും പ്രസക്തമാണ്. അങ്ങനെയൊരു സമരം കേരളത്തിൽ കോൺഗ്രസ് നടത്തിയിട്ടില്ല. കോൺഗ്രസിൻ്റെ രാഷ്ട്രീയ സമരം മുഴുവൻ രൂപപ്പെടുന്നത് പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും മാത്രമാണ്. ബിജെപിയെ രാഷ്ട്രീയമായി തുറന്നു കാണിക്കാനുള്ള ബാധ്യത കേരളത്തിലെ കോൺഗ്രസ് ഉപേക്ഷിച്ച മട്ടാണ്.

2026 ൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ട് വി.ഡി. സതീശൻ നടത്തുന്ന തെറ്റായ രാഷ്ട്രീയ നീക്കമാണ്. ശരി പറഞ്ഞ സരിനെ നമ്മൾ സ്വീകരിക്കണം. അദ്ദേഹത്തെ ഹൃദയം കൊണ്ട് സ്വീകരിക്കാം. ചേർത്തുനിർത്താം. സ്നേഹപൂർവ്വം പി സരിനെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു റഹീമിൻ്റെ വാക്കുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com