കൊടകര കുഴൽപ്പണ കേസിൽ ഹവാല ഇടപാട് എൻഫേഴ്സ്മെന്റ് ഡയറക്ടേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ എഴുതിയ കത്ത് ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു.
കൊടകര കുഴൽപ്പണ കേസ് ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.എ.റഹീം എം പി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു. കേരള പൊലിസ് മൂന്ന് വർഷം മുൻപേ തന്നെ കൊടകര കേസ് കേന്ദ്ര ഏജൻസികളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ യാതൊരു പ്രതികരണവും ഇത് സംബന്ധിച്ച് നടത്തിയില്ല.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ അന്വേഷിക്കാതിരിക്കുന്നത് അതീവ ഗുരുതരമാണ്. രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷയെ തന്നെ ബാധിക്കുന്ന ഹവാല പണമിടപാട് കേസുകളിലൊന്നായ കൊടകര കേസ് പക്ഷപാതരഹിതമായി അന്വേഷിക്കാൻ ഉടൻ നിർദ്ദേശം നൽകണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും കത്തിലൂടെ എ എ റഹീം എം പി ആവശ്യപ്പെട്ടു.
കൊടകര കുഴൽപ്പണ കേസിൽ ഹവാല ഇടപാട് എൻഫേഴ്സ്മെന്റ് ഡയറക്ടേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ എഴുതിയ കത്ത് ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. 2021 ഓഗസ്റ്റ് 8ന് പൊലീസ് അയച്ച കത്തിൽ മൂന്ന് വർഷമായിട്ടും നടപടി എടുക്കാതിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഉയരുന്നത്.9 പേജുകളുള്ള കത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് രൂപ കേരളത്തിലേക്ക് വിവിധ മാർഗങ്ങളിലൂടെ കടത്തിയതിന്റെ വിശദാംശങ്ങളുമുണ്ട്.
അതേ സമയം കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണത്തിന് സർക്കാർ നീക്കം തുടങ്ങി.കേസ് അന്വേഷിച്ച പ്രത്യേക സംഘത്തോട് കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.2021 ജൂലൈ 21നാണ് കൊടകര കുഴൽപ്പണ കേസിൽ പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിച്ച കേസുകളിൽ വീണ്ടും അന്വേഷണം നടത്താൻ കോടതിയുടെ അനുമതി വേണം.
ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂർ എസിപി വികെ രാജുവിനോട് കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് ഡിജിപി ഷേഖ് ദർവേഷ് സാഹിബ് കാര്യങ്ങൾ വിശദീകരിച്ചു .പുതിയ വെളിപ്പെടുത്തലത്തിൻ്റെ പശ്ചാത്തലത്തിൽ പുനരന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു.