മണിപ്പൂർ ഡ്രോണാക്രമണം; അന്വേഷണത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഞ്ചംഗ സമിതി രൂപീകരിച്ചു

ഇംഫാലിൽ കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് മണിപ്പൂരിലെ ഡ്രോണാക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ എഡിജിപി അഷുതോഷ് കുമാർ സിൻഹ ചെയർമാനായ അഞ്ചംഗ സമിതി രൂപീകരിച്ചത്.
മണിപ്പൂർ ഡ്രോണാക്രമണം; അന്വേഷണത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഞ്ചംഗ സമിതി രൂപീകരിച്ചു
Published on

മണിപ്പൂർ ഡ്രോണാക്രമണം അന്വേഷിക്കാൻ അഞ്ചംഗ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ചതായി രാജ്യസഭാ എംപി സനാജൊബ ലിഷെംബ. ഹൈടെക് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ സംഭവമാണ് അന്വേഷിക്കുക. ഇംഫാലിൽ കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് മണിപ്പൂരിലെ ഡ്രോണാക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ എഡിജിപി അഷുതോഷ് കുമാർ സിൻഹ ചെയർമാനായ അഞ്ചംഗ സമിതി രൂപീകരിച്ചത്. മേജർ ജനറൽമാരായ എസ് എസ് കാർത്തികേയ, രവ്‌രൂപ് സിംഗ്, ഐപിസ് ഉദ്യോഗസ്ഥൻ വിപുൽ കുമാർ, ഡിഐജി ജെ കെ ബിർദി എന്നിവരാണ് അന്വേഷണസമിതി അംഗങ്ങൾ. അന്വേഷണ റിപ്പോർട്ട് ഈ മാസം 13 നകം സമർപ്പിക്കാനാണ് നിർദേശം.

കാങ്പോക്പി ജില്ലയിലെ കുന്നുകളിൽ നിന്നുള്ള കുക്കി ഗ്രാമസംരക്ഷണ സേനയാണ് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രൂക്കിലും സെൻജാം ചിരാംഗിലും നടന്ന ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയിൽ പൊലീസ് നടത്തിയ തെരച്ചിലിൽ ആക്രമണത്തിനുപയോഗിച്ച ഡ്രോൺ കണ്ടെത്തിയിരുന്നു.  .

സംഭവത്തിൽ അപലപിച്ച് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് കഴിഞ്ഞ ദിവസം രംഗത്തെത്തി.  സാധാരണക്കാർക്കു നേരെയുള്ള ഡ്രോൺ ആക്രമണം ഭീകരപ്രവർത്തനമാണ്. പ്രകോപനമില്ലാതെ നടക്കുന്ന ആക്രമണങ്ങളെ അതീവ ഗൗരവമായാണ് സംസ്ഥാനം കാണുന്നതെന്നും ഇത്തരം ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ഡ്രോൺ ആക്രമണത്തിന് പിന്നാലെ കുക്കി ഗ്രൂപ്പിനെ നിരോധിക്കണമെന്ന് ബിജെപി എംഎൽഎ രാജ്കുമാർ ഇമോ സിംഗ് ആവശ്യപ്പെട്ടു. മണിപ്പൂരിലെ വംശീയ കലാപത്തിൽ ഭരണകക്ഷിയായ കുക്കി ഗ്രൂപ്പിൻ്റെ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തെ (ഐടിഎൽഎഫ്) നിരോധിക്കണമെന്നും രാജ്കുമാർ ഇമോ സിംഗ് അഭ്യർത്ഥിച്ചു. മണിപ്പൂരിൽ പ്രത്യേക ഭരണം രൂപീകരിക്കാൻ ഇവർ നേതൃത്വം നൽകുന്നെന്നായിരുന്നു എംഎൽഎയുടെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com