
കൊയിലാണ്ടിയിൽ പൊലീസുകാർക്ക് നേരെ മിലിട്ടറി ഉദ്യോഗസ്ഥനടങ്ങിയ മദ്യപ സംഘത്തിന്‍റെ ആക്രമണം. ബാറിൽ പ്രശ്നമുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി സ്റ്റേഷനിലെ പൊലീസുകാർക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ കൊയിലാണ്ടി എഎസ്ഐക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം.
എസ്ഐ അബ്ദുൽ റക്കീബ്, സിപിഒ നിഖിൽ, പ്രവീൺ എന്നിവർക്ക് നേരെയായിരുന്നു മദ്യപ സംഘത്തിന്‍റെ ആക്രമണം. ആനക്കുളം സ്വദേശികളായ മിലിട്ടറി ഉദ്യോഗസ്ഥൻ ആനന്ദ് ബാബു, സഹോദരൻ അശ്വിൻ ബാബു, മനുലാൽ, വിഷ്ണു എന്നിവർ ചേർന്നാണ് ആക്രമിച്ചത്. സംഭവമറിഞ്ഞ് കൂടുതൽ പൊലീസുകാർ എത്തുന്നതിനു മുൻപേ പ്രതികൾ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.