
ഇന്ത്യയുടെ ഗ്രാമങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് റിപ്പോർട്ട്. 80 ശതമാനത്തോളം ഡോക്ടർമാരുടെ കുറവ് വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തതായാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഏറ്റവും പിന്നിൽ മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളാണ് ഉള്ളത്.
ഇന്ത്യൻ ഗ്രാമീണ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ ഡോക്ടർമാർ ഇല്ലാത്ത സാഹചര്യമാണെന്ന് വ്യക്തമാക്കുന്നതാണ് സർക്കാരിൻ്റെ കണക്കുകൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഹെൽത്ത് ഡൈനാമിക്സ് ഓഫ് ഇന്ത്യ 2022-23 റിപ്പോർട്ടിലാണ് ഗ്രാമീണ ആരോഗ്യമേഖലയിലെ ദയനീയമായ അവസ്ഥ പുറത്തുവന്നത്. 80 ശതമാനത്തോളം സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കുറവാണ് ഗ്രാമീണ മേഖലയിലെ ആശുപത്രികളിൽ രേഖപ്പെടുത്തുന്നത്.
രാജ്യത്തെ 757 ജില്ലകളിലായി 5,491 ഗ്രാമീണ സിഎച്ച്‌സികളുണ്ട്. 2023 മാർച്ചിൽ CHC കളിൽ അവശ്യം വേണ്ട 21,964 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ 4,413 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ മാത്രമേ ഉള്ളൂ. 79.9 ശതമാനം കുറവാണ് ഇതിൽ നിന്ന് വ്യക്തമാകന്നത്. മധ്യപ്രദേശിൽ 94, ഗുജറാത്തിൽ 88.1, തമിഴ്നാട്ടിൽ 85.2 , ബിഹാറിൽ 80.9 ഉത്തർപ്രദേശിൽ 74.4 ശതമാനം വരെ ഡോക്ടർമാരുടെ കുറവുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നര ലക്ഷത്തോളം ആളുകളാണ് പ്രതിദിനം ചികിത്സ തേടിയെത്തുന്നത്. രാജ്യത്ത് മെഡിക്കൽ കോളജുകൾ വർധിക്കുന്നെങ്കിലും പുതിയ ഡോക്ടർമാർ ഗ്രാമങ്ങളിൽ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല.
അതേസമയം നഗരമേഖലയിലെ 868 സിഎച്ച്‌സികളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ലഭ്യത 56 ശതമാനത്തിൽ നിന്ന് അൽപ്പം മെച്ചപ്പെട്ടതായും ഡാറ്റ കാണിക്കുന്നു. ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരില്ലാത്തത് കൂടുതൽ പ്രതിസന്ധിയാകുമെന്നും ഡാറ്റ സൂചിപ്പിക്കുന്നു. സർക്കാർ ആശുപത്രികളിൽ അവശ്യ സൗകര്യങ്ങളിലെന്നും ഡാറ്റയിലുണ്ട്. റൂറൽ സർവ്വീസ് ചെയ്യാൻ പുതിയ ഡോക്ടർമാർ തയ്യാറല്ലെന്നത് ഗ്രാമീണ മേഖലയെ വലയ്ക്കുന്നു. ഇതിൽ നിന്നും പല സംസ്ഥാനങ്ങളിലും ആരോഗ്യരംഗം പിന്നോട്ടേക്കാണ് സഞ്ചരിക്കുന്നതെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.