അന്ന് തെരുവില്‍ യാചക, ഇന്ന് മെഡിക്കല്‍ ബിരുദധാരി; ഹിമാചല്‍ പ്രദേശിലെ പിങ്കി ഹരിയാന്‍റെ വിജയകഥ

2004ലാണ് ലോബ്‌സങ് ജാംയാങ് എന്ന ടിബറ്റന്‍ അഭയാർഥിയായ ബുദ്ധ സന്ന്യാസി ഭിക്ഷ യാചിക്കുന്ന പിങ്കിയെ കാണുന്നത്
അന്ന് തെരുവില്‍ യാചക, ഇന്ന് മെഡിക്കല്‍ ബിരുദധാരി; ഹിമാചല്‍ പ്രദേശിലെ പിങ്കി ഹരിയാന്‍റെ വിജയകഥ
Published on

ചെറുപ്പത്തില്‍ ഹിമാചല്‍ പ്രദേശിലെ തെരുവില്‍ ഭിക്ഷ യാചിച്ചിരുന്ന പിങ്കി ഹരിയാന്‍ ഇന്ന് പുസ്തക കൂനയ്ക്കിടയിലാണ്. ഒരുകാലത്ത് മാലിന്യ കൂമ്പാരത്തിനിടയില്‍ നിന്നും ഭക്ഷണം കണ്ടെത്തിയിരുന്ന പിങ്കി ഇന്ന് ധരംശാലയിലെ തെരുവുകളില്‍ മെഡിക്കല്‍ സേവനം നടത്താനുള്ള യോഗ്യത നേടാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയില്‍ മെഡിസിന്‍‌ പ്രാക്ടീസ് ചെയ്യണം എന്ന ആ ഒരൊറ്റ സ്വപ്നം സാക്ഷാത്ക്കരിക്കാനായി രാവെളുക്കുവോളം പഠിക്കുകയാണ് പിങ്കി. 

2004ലാണ് ലോബ്‌സങ് ജാംയാങ് എന്ന ടിബറ്റന്‍ അഭയാർഥിയായ ബുദ്ധ സന്ന്യാസി ഭിക്ഷ യാചിക്കുന്ന പിങ്കിയെ കാണുന്നത്. ധരംശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഡയറക്ടർ കൂടിയായ ലോബ്‌സങ്, പിങ്കി താമസിക്കുന്ന ചരൺ ഖുദിലെ ചേരി സന്ദർശിച്ച് കൂട്ടത്തിനിടയില്‍ നിന്നും അവളെ കണ്ടെത്തി. പിങ്കിയുടെ അച്ഛന്‍ കാശ്മീരി ലാലിനെയും കുടുംബത്തെയും അവളെ പഠിപ്പിക്കുന്നതിന്‍റെ ആവശ്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ അവർ സമ്മതിച്ചു. അന്നാണ് പിങ്കിയുടെ ജീവിതം അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിലെത്തിയത്.

Also Read: ടൈം മെഷീനിലൂടെ ചെറുപ്പക്കാരാക്കുമെന്ന് വാഗ്ദാനം; യുപിയില്‍ ദമ്പതികള്‍ തട്ടിയത് 35 കോടി രൂപ

വൈകാതെ പിങ്കിക്ക് ദയാനന്ദ് പബ്ലിക് സ്കൂളില്‍ അഡ്മിഷന്‍ കിട്ടി. താമസം ചേരിയില്‍ നിന്നും 2004ല്‍ ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിച്ച സ്റ്റുഡന്‍റ് ഹോസ്റ്റലിലേക്കും മാറ്റി. തുടക്കത്തില്‍ വീടിന്‍റെ ഓർമകള്‍ പിങ്കിയെ അലട്ടിയിരുന്നു. എന്നാല്‍, വിദ്യാഭ്യാസത്തിലൂടെ മാത്രമേ ദാരിദ്രത്തില്‍ നിന്നും കരകയറാന്‍ സാധിക്കുവെന്ന തിരിച്ചറിവ് കിട്ടിയതോടെ പിങ്കി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരംഭിച്ചു. അതിന്‍റെ ഫലം തന്നെയായിരുന്നു അവളുടെ ആഗ്രഹത്തിന്‍റെ തീവ്രതയുടെ തെളിവ്.

സീനിയർ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടിയ പിങ്കി നീറ്റ് പരീക്ഷയും പാസായി. എന്നാല്‍ ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ വാതിലുകള്‍ പിങ്കിക്ക് മുന്നില്‍ അടഞ്ഞു തന്നെ കിടന്നു. ഈ സ്ഥാപനങ്ങളിലെ ഉയർന്ന ഫീസ് താങ്ങാനുള്ള ശേഷി പിങ്കിക്കില്ലായിരുന്നു. ഒടുവില്‍ തോങ്-ലോന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹായത്തോടെ 2018ല്‍ ചൈനയിലെ പ്രശസ്ത മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചു.

Also Read: ശ്രേഷ്ഠ ഭാഷ പദവി; മറാത്തിയും ബംഗാളിയും ഉൾപ്പെടെ അഞ്ച് ഭാഷകൾക്ക് കൂടി അനുമതി നൽകി കേന്ദ്രസർക്കാർ

ഭിക്ഷ യാചിച്ചു നടന്ന ധരംശാലയിലെ തെരുവിലേക്ക് പിങ്കി ഹരിയാന്‍ തിരിച്ചെത്തിയത് മെഡിക്കല്‍ ബിരുദധാരിയായാണ്. പിങ്കിയുടെ അടുത്ത ലക്ഷ്യം ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയാണ് (എഫ്എംജിഇ). ഈ പരീക്ഷ പാസായാല്‍ മാത്രമേ ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ സാധിക്കൂ. അതിനായുള്ള തയ്യാറെടുപ്പിലാണ് പിങ്കി. പിങ്കി മാത്രമല്ല പഠന തിരക്കില്‍. പിങ്കിയില്‍ നിന്നും പ്രചോദിതരായി അവളുടെ സഹോദരങ്ങളും പഠിക്കുകയാണ്. തെരുവില്‍ നിന്നും അദ്ഭുതം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് അവർക്ക് ഉറപ്പാണ്. അതിന്‍റെ തെളിവ് അവരുടെ സഹോദരി ഡോ.പിങ്കി ഹരിയാന്‍ തന്നെയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com