മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധത മൂത്ത്; തെറ്റായ രാഷ്ട്രീയ വീക്ഷണമുള്ള ഉദ്യോഗസ്ഥരെ സർക്കാർ ഒപ്പം നിർത്തില്ല: എ.വിജയരാഘവൻ

എഡിജിപിക്കെതിരെ നടപടിയെടുത്തിട്ടും ഇത്ര പോരെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഇടതു പക്ഷത്തെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു
മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധത മൂത്ത്; തെറ്റായ രാഷ്ട്രീയ വീക്ഷണമുള്ള ഉദ്യോഗസ്ഥരെ സർക്കാർ ഒപ്പം നിർത്തില്ല: എ.വിജയരാഘവൻ
Published on

മാധ്യമങ്ങളെ അതിരൂക്ഷമായി വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.വർഗീയ ശക്തികളും കമ്യൂണിസ്റ്റ് വിരുദ്ധരും മാധ്യമങ്ങളും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും കേരളത്തിൽ എൽഡിഎഫിന് തുടർഭരണമുണ്ടായി. സർക്കാരിനെതിരെ കള്ളം പറയാൻ മാത്രം ശമ്പളം കൊടുത്ത് മാധ്യമ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ കമ്യൂണിസ്റ്റ് വിരുദ്ധത മൂത്താണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


എഡിജിപിക്കെതിരെ നടപടിയെടുത്തിട്ടും ഇത്ര പോരെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഇടതു പക്ഷത്തെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ഒരാളെ കിട്ടിയെന്നതിൻ്റെ ആഘോഷമാണോ കാണുന്നതെന്നും എ. വിജയരാഘവൻ ചോദിച്ചു. മലപ്പുറം എന്നതിന് മറ്റൊരു അർഥം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഗീയ കണ്ണിലൂടെ മലപ്പുറത്തെ കാണുന്നത് തെറ്റാണ്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍എസ്‍സുകാരനെന്ന് പറഞ്ഞ് പി.വി. അന്‍വര്‍ സ്വയം ചെറുതായി. സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നത് ക്രമസമാധാന പ്രശ്നം ഇല്ലാതാക്കാന്‍ വേണ്ടിയാണ്. പി. ശശിക്ക് എതിരായി തെളിവുകളുള്ള പരാതി ആരെങ്കിലും നൽകിയിട്ടുണ്ടോ? പിശക് കണ്ടാൽ അന്വേഷിച്ച് നടപടിയെടുക്കാറുണ്ട്. തെറ്റായ രാഷ്ടീയ വീക്ഷണമുള്ള ഉദ്യോഗസ്ഥരെ ഈ സർക്കാർ ഒപ്പം നിർത്തില്ല. സ്വതന്ത്രൻമാരെ കൂടി കൂട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പി.വി. അൻവറിൻ്റെ ആരോപണങ്ങൾക്ക് മലപ്പുറം ചന്തക്കുന്നിൽ തന്നെ മറുപടിയായി സിപിഎം വിളിച്ചു ചേർത്ത രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു എ.വിജയരാഘവൻ. നൂറുകണക്കിന് പ്രവർത്തകരാണ് യോഗത്തിനെത്തിയത്. മുൻമന്ത്രി ടി. .കെ. ഹംസ , അൻവറിനൊപ്പം എന്ന് ആരോപണം നേരിട്ട നാടക കലാകാരി നിലമ്പൂർ ആയിഷ എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ കെ.ടി. ജലീൽ യോഗത്തിൽ പങ്കെടുക്കുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com