കമ്പളക്കാട് പൊലീസ് പോക്സോ കേസിൽ കുടുക്കിയതായാണ് വീഡിയോയിൽ പറയുന്നത്
വയനാട് പനമരത്ത് പൊലീസിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. കമ്പളക്കാട് പൊലീസ് പോക്സോ കേസിൽ കുടുക്കിയെന്ന് ആരോപിച്ചാണ് യുവാവ് ജീവനൊടുക്കിയത്. പനമരം വെള്ളരിവയൽ മാങ്കാണി സ്വദേശി രതിൻ ആണ് മരിച്ചത്. ജീവനൊടുക്കാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് വാട്സാപ്പിലിട്ട വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്.
കമ്പളക്കാട് പൊലീസ് പോക്സോ കേസിൽ കുടുക്കിയതായാണ് വീഡിയോയിൽ പറയുന്നത്. ഇത് മൂലമുള്ള മാനഹാനി ഭയന്നാണ് താൻ ജീവനൊടുക്കുന്നതെന്നും രതിൻ അവസാന വീഡിയോയിൽ പറയുന്നു. സുഹൃത്തുമായി വഴിയില്‍ സംസാരിച്ചതിനാണ് പോക്‌സോ കേസെടുത്തതെന്നാണ് യുവാവ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെയാണ് ഇതുവരെ ജീവിച്ചത്. ആരോടും പരാതിയില്ലെന്നും യുവാവ് വിഡിയോയില്‍ പറയുന്നു. പോക്‌സോ കേസില്‍ ഉൾപ്പെട്ടതിനാല്‍ നിരപരാധിത്വം തെളിയിച്ചാലും ഇനി ആളുകള്‍ തന്നെ ആ കണ്ണിലൂടെ മാത്രമെ കാണുകയുള്ളു എന്നും രതിന്‍ ഈ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
എന്നാൽ തെറ്റിദ്ധാരണ മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർഥിനിയുമായി ഓട്ടോറിക്ഷയിൽ കണ്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളിൽ പൊലീസ് ഇടപെടുകയും, താക്കീത് നൽകി പെറ്റി കേസെടുത്ത് വിട്ടയക്കുകയുമായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.