'സിത്താരേ സമീന്‍ പര്‍' ഹോളിവുഡ് സിനിമയുടെ കോപ്പിയടി? ആമിര്‍ ഖാനെതിരെ വ്യാപക ട്രോള്‍

'സിത്താരേ സമീന്‍ പറില്‍' ആമിര്‍ ഖാന്‍ ഒരു ബാസ്‌ക്കറ്റ് ബോള്‍ കോച്ചിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.
'സിത്താരേ സമീന്‍ പര്‍' ഹോളിവുഡ് സിനിമയുടെ കോപ്പിയടി? ആമിര്‍ ഖാനെതിരെ വ്യാപക ട്രോള്‍
Published on


ആമിര്‍ ഖാന്‍ നായകനാകുന്ന 'സിത്താരേ സമീന്‍ പര്‍' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. ട്രെയ്‌ലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സിനിമ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. 2023ല്‍ പുറത്തിറങ്ങിയ 'ചാമ്പ്യന്‍സി'ൻ്റെ ഫ്രെയിം ബൈ ഫ്രെയിം കോപ്പിയടിയാണ് 'സിത്താരേ സമീന്‍ പര്‍' എന്ന ചിത്രമെന്നാണ് ആരോപണം. ഇതിന്‍റെ പേരില്‍ ആമിർ ഖാനെതിരെ നിരവധി ട്രോളുകളാണ് സമൂഹമാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. 

'ചാമ്പ്യന്‍സ്' നിലവില്‍ ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നുണ്ട്. ഒരു കോച്ച് ഭിന്നശേഷിക്കാരായ അത്‌ലറ്റുകളെ വെച്ച് ഒരു ടീമുണ്ടാക്കി അതിലൂടെ അയാളുടെ ജീവിതം മാറി മറയുന്നതുമാണ് 'ചാമ്പ്യന്‍സി'ൻ്റെ പ്രമേയം. 'സിത്താരേ സമീന്‍ പറി'ന്റെ ട്രെയ്‌ലറും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. റെഡിറ്റില്‍ രണ്ട് സിനിമകളുടെയും ഒരുപോലെയുള്ള ഫ്രെയിമുകള്‍ പ്രേക്ഷകര്‍ പങ്കുവെച്ചിട്ടുണ്ട്.

"ഫോറസ്റ്റ് ഗംപ് വിവാദത്തിന് ശേഷം ആമിര്‍ ഖാന്‍ റീമേക്കുകളില്‍ നിന്നും വിട്ടുനില്‍ക്കണമായിരുന്നു", എന്നാണ് സമൂഹമാധ്യമത്തില്‍ വന്ന ഒരു കമന്റ്. "ഫോറസ്റ്റ് ഗംപിന്റെ അത്ര പ്രശസ്തമല്ല ചാമ്പ്യന്‍സ് എന്നത് ഭാഗ്യമായി. അതുകൊണ്ട് കുറച്ച് പേര്‍ക്കെ ഇതൊരു പ്രശ്നമാവുകയുള്ളൂ എന്ന് തോന്നുന്നു. എന്നാലും ഇത് ശരിയായ കാര്യമല്ല", എന്നും കമന്റ് വന്നിട്ടുണ്ട്.

'സിത്താരേ സമീന്‍ പറില്‍' ആമിര്‍ ഖാന്‍ ഒരു ബാസ്‌ക്കറ്റ് ബോള്‍ കോച്ചിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഒരു ടീമിനെ പരിശീലിപ്പിക്കുന്ന കോച്ചായാണ് ആമിര്‍ എത്തുന്നത്. ആര്‍.എസ്. പ്രസന്നയാണ് ഈ ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com