ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്ന ചിത്രത്തില്‍ ഉര്‍വശി അവതരിപ്പിച്ച പോലുള്ള കഥാപാത്രങ്ങള്‍ കല്‍പ്പനയ്ക്ക് ലഭിക്കുമായിരുന്നോ എന്ന ചോദ്യത്തിനും അവര്‍ മറുപടി പറഞ്ഞു
കല്‍പ്പനയ്ക്ക് സിനിമയില്‍ നിന്നും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന് നടിയും സഹോദരിയുമായി ഉര്‍വശി. സ്‌ക്രീന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി. ഇന്ന് കല്‍പ്പന ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചേനേ എന്നും ഉര്‍വശി അഭിപ്രായപ്പെട്ടു.
"എല്ലാ വിധത്തിലും കല്‍പ്പന എന്നെ സ്വാധീനിച്ചിട്ടുണ്ട്. അഭിനേതാക്കള്‍ എന്ന നിലയില്‍ ഞങ്ങളുടെ എല്ലാ പെരുമാറ്റരീതികളും ഞങ്ങളുടെ അമ്മയില്‍ നിന്നാണ് വന്നത്. വീട്ടിലോ ഫോണിലോ സംസാരിക്കുമ്പോള്‍ പോലും അത് അമ്മയാണോ ഞാനാണോ കല്‍പ്പനയാണോ എന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ലായിരുന്നു", ഉര്‍വശി പറഞ്ഞു.
"അഭിനയത്തിന്റെ കാര്യത്തില്‍, ആരും എന്നെ സ്വാധീനിച്ചിട്ടില്ല. കാരണം ഞാന്‍ സിനിമാ ലോകത്തേക്ക് വന്നത് അത്തരത്തിലുള്ള ആഗ്രഹങ്ങള്‍ കൊണ്ടല്ല. എന്നാല്‍ വ്യക്തിപരമായി കല്‍പ്പന എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. അവളുടെ നര്‍മ്മവും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഴിവുമെല്ലാം. സ്ത്രീകള്‍ക്കിടയില്‍ ആ കഴിവ് വളരെ അപൂര്‍വമാണ്. അവളെ പോലെ മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല", ഉര്‍വശി വ്യക്തമാക്കി.
"സ്‌കൂളില്‍ പഠിക്കുന്ന കാലത്തും അവള്‍ക്ക് ചുറ്റും ആളുകള്‍ എപ്പോഴും ഉണ്ടായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന സീനിയേഴ്‌സ് കല്‍പ്പനയെ വിളിക്കുമായിരുന്നു. കല്‍പ്പനയുടെ സഹോദരിമാര്‍ എന്നതിനാല്‍ ഞങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. അത്രയും പ്രിയപ്പെട്ടവളായിരുന്നു അവള്‍", എന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
ALSO READ : "സംസ്‌കാരത്തോടും കലയോടും മുഖം തിരിക്കുന്ന പ്രസിഡന്റ്"; ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് റോബേര്‍ട്ട് ഡി നീറോ
അതേസമയം കല്‍പ്പനയ്ക്ക് സിനിമയില്‍ നിന്നും അര്‍ഹിക്കുന്ന അംഗീകാരം ഒരിക്കലും ലഭിച്ചിട്ടില്ലെന്ന് ഉര്‍വശി അഭിപ്രായപ്പെട്ടു. ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്ന ചിത്രത്തില്‍ ഉര്‍വശി അവതരിപ്പിച്ച പോലുള്ള കഥാപാത്രങ്ങള്‍ കല്‍പ്പനയ്ക്ക് ലഭിക്കുമായിരുന്നോ എന്ന ചോദ്യത്തിനും അവര്‍ മറുപടി പറഞ്ഞു. തീര്‍ച്ചയായും കല്‍പ്പനയ്ക്ക് അത്തരം കഥാപാത്രങ്ങള്‍ ലഭിക്കുമായിരുന്നുവെന്നും സ്റ്റീരിയോടൈപ്പുകളെ മറികടക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നുവെന്നും ഉര്‍വശി അഭിപ്രായപ്പെട്ടു.
"കല്‍പ്പന ഇന്ന് ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കും. കാരണം ഇന്നത്തെ സംവിധായകര്‍ക്ക് ദീര്‍ഘവീക്ഷണമുണ്ട്. പഴയ സംവിധായകര്‍ പോരാ എന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ ഇന്നത്തെ സംവിധായകര്‍ വെല്ലുവിളികള്‍ എടുക്കാന്‍ തയ്യാറാണ്. ഉദാഹരണത്തിന് ഇന്ദ്രന്‍സിനെ പോലൊരു കലാകാരന്‍. ഇന്നത്തെ സംവിധായകര്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ അദ്ദേഹത്തിന്റെ ഉള്ളിലെ കഴിവ് ഒരിക്കലും പുറത്തുവരില്ലായിരുന്നു", ഉര്‍വശി പറഞ്ഞു.
"ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ളി എന്ന ചിത്രത്തില്‍ കല്‍പ്പന അവസാനമായി അഭിനയിച്ച വേഷം അതിന് ഉദാഹരണമാണ്. തീര്‍ച്ചയായും അവള്‍ക്ക് നിരവധി നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു. ഒരുപക്ഷെ ഉള്ളൊഴുക്ക് പോലും കല്‍പ്പനയ്ക്ക് മനോഹരമായി ചെയ്യാന്‍ സാധിച്ചേനേ", എന്നും ഉര്‍വശി വ്യക്തമാക്കി.