ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്നു; കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് പുറത്താക്കാൻ ഇന്‍ഡ്യാ ബ്ലോക്കിനോട് ആവശ്യപ്പെടുമെന്ന് എഎപി

ലോക്സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയും കോണ്‍ഗ്രസും ഒരുമിച്ചാണ് ബിജെപിക്കെതിരെ മത്സരിച്ചത്
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്നു; കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് പുറത്താക്കാൻ ഇന്‍ഡ്യാ ബ്ലോക്കിനോട് ആവശ്യപ്പെടുമെന്ന് എഎപി
Published on

കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്നും നീക്കണമെന്ന് ഇന്‍ഡ്യാ ബ്ലോക്കിലെ മറ്റ് പാർട്ടികളോട് ആവശ്യപ്പെടുമെന്ന് ആം ആദ്മി പാർട്ടി (എഎപി). ഡല്‍ഹിയിലെ കോണ്‍‌ഗ്രസ് നേതാവ് അജയ് മാക്കൻ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നതാണ് ആം ആദ്മിയെ ചൊടിപ്പിച്ചത്. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍‌ഗ്രസ് ബിജെപിയെ സഹായിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മർലേനയും എഎപി രാജ്യസഭ എംപി സഞ്ജയ് സിംഗും ആരോപിച്ചിരുന്നു.


"തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കോൺഗ്രസ് എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്. അജയ് മാക്കൻ ബിജെപിയുടെ തിരക്കഥ വായിക്കുന്നു, ബിജെപിയുടെ നിർദേശപ്രകാരം പ്രസ്താവനകൾ നടത്തുന്നു, ബിജെപിയുടെ നിർദേശപ്രകാരം ആം ആദ്മി നേതാക്കളെ ലക്ഷ്യമിടുന്നു. ഇന്നലെ അദ്ദേഹം എല്ലാ പരിധികളും ലംഘിച്ച് നമ്മുടെ നേതാവ് അരവിന്ദ് കെജ്‌രിവാളിനെ രാജ്യവിരുദ്ധനെന്ന് വിളിച്ചു," സഞ്ജയ് സിംഗ് പറഞ്ഞു. കോണ്‍ഗ്രസോ അജയ് മാക്കനോ ഇതുവരെ ഡല്‍ഹിയിലെ ഏതെങ്കിലും ഒരു ബിജെപി നേതാവിനെ രാജ്യവിരുദ്ധനെന്ന് വിളിച്ചിട്ടില്ലെന്നും സിങ് ചൂണ്ടിക്കാട്ടി.


ലോക്സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയും കോണ്‍ഗ്രസും ഒരുമിച്ചാണ് ബിജെപിക്കെതിരെ മത്സരിച്ചത്. ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം സ്ഥാനാർഥി കൾക്കായി പ്രചാരണവും നടത്തിയിരുന്നു. എന്നാൽ രാജ്യ തലസ്ഥാനത്തെ ഏഴ് സീറ്റുകളും ബിജെപി നേടിയതിനാൽ ആ ശ്രമങ്ങൾ പാഴായി.



"ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കായി അരവിന്ദ് കെജ്‌രിവാൾ പ്രചരണം നടത്തിയിരുന്നു. ഛണ്ഡീഗഡിലും അദ്ദേഹം കോൺഗ്രസിനായി പ്രചരണം നടത്തി. പാർലമെന്റിലെ വിഷയങ്ങളിൽ എഎപി ആവർത്തിച്ച് കോൺഗ്രസിനൊപ്പം നിൽക്കുന്നു. എന്നിട്ടും നിങ്ങൾ ഞങ്ങളുടെ നേതാവിനെ ദേശവിരുദ്ധനെന്ന് വിളിക്കുകയാണോ, യൂത്ത് കോൺഗ്രസ് അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയാണോ?" സിംഗ് ചോദിച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കാന്‍ ആം ആദ്മി പരമാവധി ശ്രമിച്ചതായും സിംഗ് കൂട്ടിച്ചേർത്തു. എന്നാല്‍, കോണ്‍‌ഗ്രസ് അതിനോട് യോജിച്ചില്ല എന്നാണ് ആം ആദ്മി നേതാവിന്‍റെ ആരോപണം. കോണ്‍ഗ്രസ് 24 മണിക്കൂറിനുള്ളില്‍ അജയ് മാക്കനെതിരെ നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം തങ്ങൾ ഇന്‍ഡ്യാ സഖ്യത്തിലെ പങ്കാളികളെ സമീപിച്ച് കോൺഗ്രസിനെ ബ്ലോക്കിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുമെന്നും രാജ്യസഭ എംപി മുന്നറിയിപ്പ് നല്‍കി.

ഡൽഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ടെന്ന് അവരുടെ പ്രവൃത്തികളും വാക്കുകളും വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി അതിഷിയും പറഞ്ഞു. "ബിജെപിക്കെതിരെ കോൺഗ്രസ് എപ്പോഴെങ്കിലും പൊലീസ് പരാതി നൽകിയിട്ടുണ്ടോ? ഇല്ല. അവർ എഎപി നേതാക്കൾക്കെതിരെയാണ് അങ്ങനെ ചെയ്യുന്നത്", അതിഷി പറഞ്ഞു.

ഡൽഹിയിലെ മലിനീകരണം, അടിസ്ഥാന സൗകര്യങ്ങൾ, ക്രമസമാധാനം എന്നിവയുടെ ദുർവിനിയോഗത്തില്‍ എഎപിയെയും ബിജെപിയെയും കുറ്റപ്പെടുത്തി ഡൽഹി കോൺഗ്രസ് ഇന്നലെ 12 പോയിന്‍റുകളുള്ള "ധവളപത്രം" പുറത്തിറക്കിയിരുന്നു.



അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ പേരിലാണ് എഎപി അധികാരത്തിൽ വന്നതെങ്കിലും ഡൽഹിയിൽ ജൻലോക്പാൽ സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ മാധ്യമങ്ങളോട് പറഞ്ഞു. "ഡൽഹിയിലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിശേഷിപ്പിക്കാൻ ഒരു വാക്ക് ഉണ്ടെങ്കിൽ അത് ഫർസിവാള്‍ എന്നായിരിക്കും," അദ്ദേഹം പറഞ്ഞു. "രാജ്യത്ത് തട്ടിപ്പിന് ഒരു രാജാവുണ്ടെങ്കിൽ അത് കെജ്‌രിവാളാണ്, അതുകൊണ്ടാണ് കെജ്‌രിവാൾ സർക്കാരിനെതിരെയും കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെയും ഒരു ധവളപത്രവുമായി ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്," അജയ് മാക്കൻ കൂട്ടിച്ചേർത്തു.

ഇന്‍ഡ്യാ ബ്ലോക്കിന്റെ ഭാഗമാണെങ്കിലും ഡൽഹിയിലും പഞ്ചാബിലും എഎപിയും കോണ്‍ഗ്രസും മുഖ്യ എതിരാളികളാണ്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാർട്ടിയാണ് മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ സ്ഥാനഭ്രഷ്ടയാക്കി രാജ്യ തലസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com