വീട്ടിൽ ആളില്ലാത്ത സമയം കുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു
എറണാകുളത്ത് അമ്മ മകളെ പുഴയിൽ എറിഞ്ഞ് കൊന്ന കേസിൽ നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കുറ്റം സമ്മതിച്ച് പ്രതി. കുട്ടിയെ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ചിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം കുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ പോക്സോയും ബാലനീതി വകുപ്പും ചുമത്തി കേസെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പുത്തൻകുരിശ് പൊലീസ് വ്യക്തമാക്കി.
അതേസമയം, കുട്ടിയുടെ അമ്മയ്ക്ക് ഭീഷണിയുണ്ടായിരുന്നതായി സഹോദരി ന്യൂസ് മലയാളത്തോട് പറഞ്ഞു. കുട്ടികളെ അമ്മയിൽ നിന്നും അകറ്റാൻ പ്രതി ശ്രമിച്ചിരുന്നു. സഹോദരിക്ക് ഭീഷണിയുണ്ടായിരുന്നതായി സംശയമുണ്ട്. കടുത്ത മാനസീക സമർദ്ദം ഇത് കാരണം ഉണ്ടായിരുന്നു. സഹോദരിയെ മാനസീക രോഗിയാക്കാൻ നിരന്തര ശ്രമം നടന്നിരുന്നു. കുട്ടികളോട് പ്രതി അമിതവാത്സല്യം കാട്ടിയപ്പോൾ തന്നെ സംശയം ഉണ്ടായിരുന്നു. എന്നാൽ സ്വപ്നത്തിൽ പോലും ഇങ്ങനെ നടക്കുമെന്ന് കരുതിയിരുന്നില്ല. മൂത്ത കുട്ടിയെയും പീഡിപ്പിച്ചിരുന്നതായി സംശയമുണ്ടെന്നും കുട്ടിയുടെ അമ്മയുടെ സഹോദരി പറഞ്ഞു.
നാല് വയസുകാരി പീഡിക്കപ്പെട്ടെന്ന വിവരം ഞെട്ടിക്കുന്നതെന്ന് അമ്മയുടെ അമ്മയും പറഞ്ഞിരുന്നു. പ്രതി മകളുടെ വീട്ടിൽ കൂട്ട് കിടക്കാൻ വരുമായിരുന്നു. ഇവൻ എന്തിനാണ് കൂട്ട് കിടക്കുന്നതെന്ന് തൻ്റെ മൂത്തമകൾ ചോദിച്ചതാണെന്നും അമ്മൂമ്മ പറഞ്ഞു. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. മകൾ നാളുകളായി മാനസീക വേദന അനുഭവിക്കുന്നുണ്ടായിരിക്കാം. അതായിരിക്കും ഇങ്ങനെ ചെയ്തതെന്നും അമ്മൂമ്മ പറഞ്ഞിരുന്നു.