പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്
എറണാകുളത്ത് പുഴയിലെറിഞ്ഞ് കൊന്ന നാല് വയസുകാരി പീഡനത്തിന് ഇരയായെന്ന കണ്ടെത്തലിൽ പ്രതികരിച്ച് കുട്ടിയുടെ അമ്മയുടെ അമ്മ. പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രതി മകളുടെ വീട്ടിൽ കൂട്ട് കിടക്കാൻ വരുമായിരുന്നുവെന്നും കുട്ടിയുടെ അമ്മൂമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു.
"പ്രതി മകളുടെ വീട്ടിൽ കൂട്ട് കിടക്കാൻ വരുമായിരുന്നു. ഇവൻ എന്തിനാണ് കൂട്ട് കിടക്കുന്നതെന്ന് തൻ്റെ മൂത്തമകൾ ചോദിച്ചതാണ്. മരുമകൻ തിരുവനന്തപുരത്ത് ജോലിക്ക് പോയപ്പോഴായിരുന്നു പ്രതി മകളുടെ വീട്ടിൽ കൂട്ട് കിടക്കാൻ പോയിരുന്നത്. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. മകൾ നാളുകളായി മാനസീക വേദന അനുഭവിക്കുന്നുണ്ടായിരിക്കാം. അതായിരിക്കും ഇങ്ങനെ ചെയ്തത്. പൊലീസ് അവന് തക്കതായ ശിക്ഷ വാങ്ങി നൽകണം " അമ്മൂമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ പിതാവിൻ്റെ അടുത്ത ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കുട്ടിയുടെ അമ്മയുടെ മൊഴി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മകളുമൊത്ത് ആലുവ പുഴയിൽ ചാടി മരിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നതെന്നും പുഴയുടെ പരിസരത്തെത്തിയത് അതിനായിരുന്നുവെന്നുമാണ് അമ്മ പൊലീസിനോട് പറഞ്ഞത്. ഭർത്താവിനോടുള്ള ദേഷ്യം തീർക്കാനാണ് കുട്ടിയെ കൊന്നത്. കുട്ടികൾക്ക് തന്നേക്കാൾ പ്രിയം ഭർത്താവിനോടാണ്. മൂത്ത കുട്ടിയെയും അപായപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെന്നും അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.
മെയ് 19ന് അംഗനവാടിയിൽ എത്തി, ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞിനെയും കൂട്ടി അമ്മ ഇറങ്ങുകയായിരുന്നു. മൂന്ന് മണിയോടെ കുഞ്ഞുമായി ആലുവയിലേക്ക് പുറപ്പെട്ടു. ആലുവയിൽ നിന്ന് ഏഴ് മണിയോടെ മൂഴിക്കുളത്ത് എത്തിയ അവർ കുഞ്ഞിനെ പാലത്തിൽ നിന്നും താഴേക്ക് എറിയുകയായിരുന്നു. ഇന്നലെയാണ് കുട്ടിയുടെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചത്.