
നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരുൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുത്തതിൽ ആത്മസംതൃപ്തിയെന്ന് പരാതിക്കാരിയായ നടി. സ്ത്രീകളെ ബഹുമാനിക്കാൻ ഇനിയെങ്കിലും സമൂഹം തയാറാവണമെന്നും അവർ പറഞ്ഞു.
സംഭവം പുറത്തു പറയാൻ ഭയപ്പെട്ടിരുന്നതായും നടി വെളിപ്പെടുത്തി. കുട്ടികളെ അപായപ്പെടുത്തുമോ എന്നാണ് ഭയപ്പെട്ടത്. ആരോപണ വിധേയർക്കെതിരായ തെളിവുകൾ കയ്യിൽ ഉണ്ട്. ഫോൺ ചാറ്റുകൾ, റെക്കോർഡിങ്ങുകൾ, തുടങ്ങിയവയാണ് കയ്യിലുള്ളത്. പ്രത്യേക അന്വേഷണ സംഘത്തോട് സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയാൻ സാധിച്ചു. വനിതാ ഉദ്യോഗസ്ഥർ ഉള്ളത് സഹായകരമായെന്നും പരാതിക്കാരി പറഞ്ഞു. നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധിപേരാണ് ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. നടിയുടെ പരാതിയിൽ ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു എന്നിവര്‍ക്കു പുറമേ നിര്‍മാതാവും കോണ്‍ഗ്രസ് നേതാവുമായ വി. എസ് ചന്ദ്രശേഖര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, വിച്ചു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്ന സ്ഥലങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുകേഷിനെതിരെ മരട് പൊലീസും ജയസൂര്യക്കെതിരെ തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസും ചന്ദ്രശേഖരനെതിരെ എറണാകുളം സെൻട്രൽ പൊലീസും, വിച്ചുവിനെതിരെ നെടുമ്പാശേരി പൊലീസും കേസ് രജിസ്റ്റർ ചെയ്തു.