
എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് സൂചന. നടപടി രണ്ടു ദിവസത്തിനുള്ളിലുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. വിഷയത്തില്‍ ഡിജിപി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടി. അതുവരെ കാക്കാൻ സിപിഐ മന്ത്രിമാരോട് മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം.
എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റാത്തതിൽ സിപിഐ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തത്ക്കാലം പ്രതികരണം ഒഴിവാക്കിയിരിക്കുകയാണ് നേതാക്കൾ. പൂരം കലക്കലിൽ തുടരന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടി സിപിഐ സ്വാഗതം ചെയ്തു. എഡിജിപിയെ മാറ്റിയേ തീരൂവെന്ന നിലപാടിലാണ് ആർജെഡിയും. തീരുമാനം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഉണ്ടാകത്തത് നിരാശാജനകമാണെന്നാണ് ആർജെഡിയുടെ പ്രതികരണം.
Also Read: "തൃശൂർ പൂരം കലക്കലില്‍ ത്രിതല അന്വേഷണം"; എഡിജിപിയുടെ വീഴ്ച പൊലീസ് മേധാവി അന്വേഷിക്കും: മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ പുനരന്വേഷണത്തിന് ധാരണയായിരുന്നു. തുടർന്നായിരുന്നു ത്രിതല അന്വേഷണം പ്രഖ്യാപിക്കാനുള്ള മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. പൂരം കലക്കുവാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. പൂരവുമായി ബന്ധപ്പെട്ട ചുമതലകള്‍ നൽകിയിരുന്ന വിവിധ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമായിരിക്കും അന്വേഷിക്കുക. എഡിജിപിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഡിജിപിയും അന്വേഷിക്കും.