"തൃശൂർ പൂരം കലക്കലില്‍ ത്രിതല അന്വേഷണം"; എഡിജിപിയുടെ വീഴ്ച പൊലീസ് മേധാവി അന്വേഷിക്കും: മുഖ്യമന്ത്രി

പൂരത്തെ ആഘോഷം, ഉത്സവം എന്നിങ്ങനെ ചുരുക്കി കാണിക്കാന്‍ സാധിക്കില്ല, കേരള സമൂഹത്തെ ബാധിക്കുന്ന പ്രശ്നമായാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു
"തൃശൂർ പൂരം കലക്കലില്‍ ത്രിതല അന്വേഷണം"; എഡിജിപിയുടെ വീഴ്ച പൊലീസ് മേധാവി അന്വേഷിക്കും: മുഖ്യമന്ത്രി
Published on

തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍  ത്രിതല അന്വേഷണത്തിനു മന്ത്രിസഭാ യോഗം തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം കലക്കുവാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. പൂരവുമായി ബന്ധപ്പെട്ട ചുമതലകള്‍ നൽകിയിരുന്ന വിവിധ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമായിരിക്കും അന്വേഷിക്കുകയെന്നും  മുഖ്യമന്ത്രി പറഞ്ഞു.

"ക്രമസമാധാന പരിപാലന ചുമതലയുണ്ടായിരുന്ന എഡിജിപിക്ക് വീഴ്ചപറ്റിയതായി പൊലീസ് മേധാവി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പരിശോധിച്ച് റിപ്പോർട്ട് നല്‍കാന്‍ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനെ ചുമതലപ്പെടുത്തി. ഭാവിയില്‍ ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ലാതെ പൂരം നടത്തുന്നത് ഉറപ്പുവരുത്തും. പൂരത്തെ ആഘോഷം, ഉത്സവം എന്നിങ്ങനെ ചുരുക്കി കാണിക്കാന്‍ സാധിക്കില്ല. കേരള സമൂഹത്തെ ബാധിക്കുന്ന പ്രശ്നമായാണ് സർക്കാർ കാണുന്നത്," മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലാണ് തൃശൂർ പൂരം കലക്കലിൽ പുനരന്വേഷണത്തിന് ധാരണയായത്. തിരുവനന്തപുരം എകെജി സെന്ററിലാണ് നിർണായക കൂടിക്കാഴ്ച നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ചർച്ചയുടെ ഭാഗമായിരുന്നു.


പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്നായിരുന്നു എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സർക്കാരിൻ്റെ കൈകളിലേക്ക് എത്തിയത്.

തൃശൂർ പൂരം എന്നത് മതസൗഹാർദം വിളിച്ചോതുന്ന അന്താരാഷ്ട്ര സാംസ്കാരിക പൈതൃകോത്സവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തെ പൂരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്നു. എക്സിബിഷൻ തറ വാടകയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യത്തെ പ്രശ്നം. സർക്കാർ ഇടപെട്ടാണ് അത് പരിഹരിച്ചത്. പിന്നീട് ആനകളുമായി ബന്ധപ്പെട്ട പ്രശ്നം ഉയർന്നുവന്നു.അതും സർക്കാർ പരിഹരിച്ചു. പൂരം നടത്തുന്ന ദേവസ്വങ്ങളെല്ലാം സർക്കാർ ഇടപെടലിനെ പ്രകീർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചരണ ഘട്ടത്തിലായിരുന്നു പൂരം എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത. അവസാന ഘട്ടത്തിലാണ് ചില വിഷയങ്ങൾ ഉണ്ടാകുന്നത്. സാധ്യമല്ലാത്ത കാര്യങ്ങള്‍ ആവശ്യപ്പെടുന്ന പ്രവണത ചിലരുടെ ഭാഗത്തുനിന്നും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം മുന്നോട്ട് വെച്ച നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതായും പിണറായി വിജയന്‍ ഓർമപ്പെടുത്തി.

പൂരം അലങ്കോലപ്പെടുത്താൻ നടത്തിയ ശ്രമം സർക്കാർ ഗൗരവത്തിലാണ് കണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. അതുകൊണ്ടാണ് എഡിജിപിയെ അന്വേഷണം ഏൽപ്പിച്ചത്. സെപ്റ്റംബർ 23ന് സർക്കാരിന് ഡിജിപി റിപ്പോർട്ട് സമർപ്പിച്ചുവെന്നും തനിക്ക് 24ന് ലഭിച്ചുവെന്നും പിണറായി കൂട്ടിച്ചേർത്തു. എന്നാല്‍ ഈ റിപ്പോർട്ട് സമഗ്രമല്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com