fbwpx
'ആദിവാസികൾ വിഡ്ഢികളല്ല, നല്ല സുഹൃത്ത് ആരെന്ന് അവർക്ക് നന്നായി അറിയാം'; ബിജെപിയെ വിമർശിച്ച് ഹേമന്ത് സോറന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Nov, 2024 08:40 AM

ബിജെപി ആദിവാസികൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഹേമന്ത് സോറന്‍ ആരോപിച്ചു

ASSEMBLY POLLS 2024


ആദിവാസികൾ വിഡ്ഢികളല്ലെന്നും ബിജെപി ആദിവാസികൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ബാങ്കുകൾ പാവപ്പെട്ടവരെ പിന്തുണക്കുന്നില്ല, പകരം കോർപ്പറേറ്റുകളെയാണ് പിന്തുണക്കുന്നതെന്നും സോറൻ വിമർശിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജെഎംഎം നേതാവിന്‍റെ ബിജെപിക്കെതിരായ വിമർശനം.

സംസ്ഥാനത്തെ ദരിദ്രരും പിന്നാക്കക്കാരും ദീർഘകാലമായി ചൂഷണത്തിനിരയാക്കപ്പെടുന്നു. നേരത്തെ കൊള്ളപ്പലിശക്കാരുടെ ചൂഷണമായിരുന്നെങ്കിൽ ഇന്നത് എൻബിഎഫ്‌സി പോലുള്ള സ്ഥാപനങ്ങളായി രൂപാന്തരപ്പെട്ടു. അവർ ചെറിയ തുകയ്ക്ക് ആദിവാസികളെ കബളിപ്പിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ ആദിവാസികൾക്ക് സാധിക്കുന്നില്ല. എസ്‌സി എസ്‌ടി, ഒബിസി വിഭാഗക്കാരെല്ലാം ഇത്തരം സ്ഥാപനങ്ങളെ ആശ്രയിച്ച് കടക്കെണിയിലാവുന്നു- ഇതിന് മാറ്റം വരണം, സോറൻ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായി പ്രതിമാസ സഹായം നൽകുന്ന പദ്ധതി കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടല്ല. സാമൂഹിക സുരക്ഷ ജാർഖണ്ഡിൻ്റെ വികസനത്തിന് അനിവാര്യമാണ്. സർക്കാർ സ്കൂളുകളിലെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു" - ഹേമന്ത് സോറൻ പറഞ്ഞു.

ബിജെപി ആദിവാസികൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഹേമന്ത് സോറന്‍ ആരോപിച്ചു. പണപ്പെരുപ്പം കൂടിയപ്പോൾ പാവപ്പെട്ടവർ ബുദ്ധിമുട്ടി. വൈദ്യുതി ബില്ലടക്കാൻ ആളുകൾ ആഭരണമോ ഭൂമിയോ പണയം വെയ്ക്കേണ്ടി വരുന്ന അവസ്ഥ. അതിനാൽ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി. വൈദ്യുതി കുടിശിക ഒഴിവാക്കി. കാർഷിക വായ്പകളും ഭാരിച്ച ബില്ലുകളും എഴുതി തള്ളിയെങ്കിലും ബാങ്കുകൾ പാവപ്പെട്ടവരെ പിന്തുണച്ചില്ലെന്നും സോറൻ വ്യക്തമാക്കി.

Also Read: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: ബിർസ മുണ്ടയുടെ നാട്ടിൽ ഇക്കുറി കണക്ക് തീർക്കലിൻ്റെ പോരാട്ടം

ജയിലിൽ കിടന്ന തനിക്ക് പുതിയ ജാർഖണ്ഡ് എങ്ങനെയാകണമെന്ന് ചിന്തിക്കാൻ സമയം കിട്ടിയെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. എന്നെ ജയിലിൽ അടച്ച് സർക്കാരിനെയും പാർട്ടിയെയും അവസാനിപ്പിക്കാമെന്ന് അവർ കരുതി. പക്ഷേ അതിന് കഴിഞ്ഞില്ല. ഇന്ത്യയിൽ ജനാധിപത്യം മരിച്ചുവെന്നാണ് ബിജെപി കരുതുന്നത്. ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്, ഒരു നികുതി എന്നിവ ഇതിന്‍റെ ഭാഗമാണ്. എന്നാൽ യാഥാർഥ്യം അതല്ല, ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് ആദിവാസി സീറ്റുകളിലും ബിജെപി പരാജയപ്പെട്ടുവെന്നും സോറന്‍ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശി നുഴഞ്ഞുകയറ്റമാണല്ലോ ബിജെപി നിരന്തരം ഉയർത്തുന്നത് എന്ന ചോദ്യത്തിന് സോറന്‍റെ മറുപടി കൃത്യമായിരുന്നു - "രാജ്യാതിർത്തിയുടെ സുരക്ഷ, കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ ചുമതലയാണ്".

"ബിജെപി അനാവശ്യ ഭീതി സൃഷ്ടിക്കുകയാണ്. രാമക്ഷേത്ര വിഷയം അവസാനിച്ചപ്പോൾ അവർ മുസ്ലീം വിഷയം ഇറക്കുന്നു. ചംപയ് സോറൻ പാർട്ടി വിട്ടത് സ്വന്തം ഇഷ്ടപ്രകാരമാണ്, അത് ജെഎംഎമ്മിനെ ബാധിച്ചിട്ടില്ല. ആദിവാസികൾ വിഡ്ഢികളല്ല. അവരുടെ നല്ല സുഹൃത്ത് ആരെന്ന് അവർക്ക് നന്നായി അറിയാം" - വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സോറൻ അസന്നിഗ്ധമായി പറഞ്ഞു. നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ്.

Also Read: ജാർഖണ്ഡിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ബുധനാഴ്ച; ഖനി-വനമേഖലയിൽ ശ്രദ്ധയൂന്നി ബിജെപിയും ആർഎസ്എസും

KERALA
'പെരിനാറ്റൽ സൈക്കോസിസ്' സർവീസിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വാക്ക്; അഭിമുഖം ഐജി കെ. സേതുരാമൻ ഐപിഎസ്| ഫൗസിയ മുസ്തഫ
Also Read
user
Share This

Popular

WORLD
IFFK 2024
WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ