
കണ്ണൂരിലെ എഡിഎമ്മിൻ്റെ മരണത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്. ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ. ഗീത ഐഎഎസിനാണ് അന്വേഷണ ചുമതല. ആറ് വിഷയങ്ങളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എൻഒസി നൽകുന്നതുമായ ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും, കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരായ ആരോപണങ്ങളും, ദിവ്യ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാനും ഉത്തരവിൽ പറയുന്നു.
പ്രധാനമായും ആറ് കാര്യങ്ങളാണ് റവന്യു വകുപ്പ് അന്വേഷിക്കുക. നവീൻ ബാബുവിൻ്റെ ആത്മഹത്യയിലേക്ക് നയിച്ചത്2, പി.പി ദിവ്യയുടെ ആരോപണങ്ങളിലെ വസ്തുത, ഉന്നയിച്ച അഴിമതി ആരോപണത്തിന് തെളിവുണ്ടോ?, .പെട്രോൾ പമ്പിന് എൻഒസി വൈകിയോ?, എൻഒസി നൽകിയതിൽ വീഴ്ചയുണ്ടോ? തുടങ്ങിയവയക്കു പുറമേ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് പരിഗണിക്കാവുന്ന മറ്റ് കാര്യങ്ങൾ കൂടി പരിശോധിക്കും
കോഴിക്കോട് മുന്‍ ജില്ലാ കളക്ടറായിരുന്ന എ. ഗീതയെ 2023 ഒക്ടോബറിലാണ് ലാന്‍ഡ് റവന്യൂ ജോയിൻ്റ് കമ്മീഷണറായി നിയമിച്ചത്.
അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ബന്ധുക്കൾ കണ്ണൂർ കളക്ടർക്കെതിരെ മൊഴി നൽകിയതായി സൂചനയുണ്ട്. എഡിഎമ്മും കളക്ടറും തമ്മിലുള്ള ബന്ധം സൗഹൃദപരമായിരുന്നില്ലെന്നും അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞുവെന്നാണ് സൂചന. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു.
ഈ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. സംസ്കാര ചടങ്ങിൽ കണ്ണൂർ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇതു തന്നെയാണെന്നും മൊഴിയിൽ ബന്ധുക്കൾ പറയുന്നു. കണ്ണൂരിൽ നിന്നുള്ള അന്വേഷണ സംഘമാണ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്.