എഡിഎമ്മിൻ്റെ മരണം: കണ്ണൂരിലും മലയാലപ്പുഴയിലും ഹർത്താൽ തുടങ്ങി, സംസ്കാരം നാളെ

ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും
എഡിഎമ്മിൻ്റെ മരണം: കണ്ണൂരിലും മലയാലപ്പുഴയിലും ഹർത്താൽ തുടങ്ങി, സംസ്കാരം നാളെ
Published on

കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിൻ്റെ സംസ്കാരം നാളെ നടക്കും. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം അദ്ദേഹത്തിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

ALSO READ: "പരിചയപ്പെട്ടവർക്കെല്ലാം നല്ല അനുഭവം മാത്രം സമ്മാനിച്ചിട്ടുള്ളയാൾ"; എഡിഎം നവീൻ ബാബുവിനെ അനുസ്മരിച്ച് കെ.യു ജെനീഷ് കുമാര്‍ MLA

കാസർകോഡ്, കണ്ണൂർ ജില്ലാ കളക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു.

സംഭവത്തെ തുടർന്ന് മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും, കണ്ണൂരിൽ ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ നഗരസഭ പരിധിയിൽ നടത്തുന്ന ബിജെപി ഹർത്താലിനും തുടക്കമായി. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും.

ഇന്നലെയാണ് നവീൻ ബാബുവിനെ താമസ സ്ഥലമായ പള്ളിക്കുന്നിലെ വീട്ടിൽ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപിച്ചത്. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് നിഗമനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com