fbwpx
എനിക്ക് നീതി ലഭിച്ചു, പക്ഷെ ഇനിയൊരാള്‍ക്കും ഈ അവസ്ഥയുണ്ടാകരുത്: സീനിയര്‍ അഭിഭാഷകന്റെ മര്‍ദനമേറ്റ ശ്യാമിലി
logo

ന്യൂസ് ഡെസ്ക്

Posted : 16 May, 2025 10:16 AM

''ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ആണ് ബെയ്‌ലിന്‍ ദാസിനെ പിന്തുണയ്ക്കുന്നത് എന്ന് കരുതുന്നില്ല''

KERALA


സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ച സംഭവത്തില്‍ തനിക്ക് നീതി ലഭിച്ചുവെന്ന് അഭിഭാഷക ശ്യാമിലി. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. പൊലീസ് ഊര്‍ജിതമായി അന്വേഷിച്ചതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് പ്രതിയെ പിടികൂടാനായതെന്നും ശ്യാമിലി ന്യൂസ് മലയാളത്തോട് പറഞ്ഞു.

അതേസമയം പ്രതിയെ പിന്തുണയ്ക്കുന്നത് അഭിഭാഷകര്‍ക്കിടയിലുള്ള സംഘടനയാണ്. അത് പക്ഷെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ ആളുകളും തനിക്ക് ഒന്നടങ്കം പിന്തുണ അറിയിച്ചിരുന്നതായും ശ്യാമിലി പറഞ്ഞു.

'കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. പ്രത്യേകിച്ച് കേരള പൊലീസിനോട്. ഊര്‍ജിതമായി അന്വേഷിച്ചതുകൊണ്ടാണ് ഇത്ര പെട്ടെന്ന് പ്രതിയെ പിടികൂടാനായത്. എനിക്ക് നീതി ലഭിച്ചു എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അതില്‍ സന്തോഷമുണ്ട്. സംസാരിച്ച് നില്‍ക്കുന്നതിനിടയില്‍ കൈ നീട്ടി അടിക്കുക എന്നത് സ്ത്രീത്വത്തെ അപമാനിക്കല്‍ തന്നെയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതിരോധിക്കാനായി അവര്‍ക്കങ്ങനെ പറഞ്ഞേ പറ്റൂ. പക്ഷെ എന്നെ അടിച്ചു എന്നതില്‍ കൂടുതല്‍ എന്നും എനിക്ക് പറയാനില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എന്റെ പരാതിയിലാണ് ഒപ്പം സമര്‍പ്പിച്ചിരിക്കുന്നത്. അതിനര്‍ഥം എന്റെ പരാതി വ്യാജമല്ലെന്നും അത് അവര്‍ തന്നെ സമ്മതിച്ചു എന്നുമാണ്. അഭിഭാഷക എന്ന നിലയില്‍ എനിക്ക് നീതി ലഭിച്ചുകഴിഞ്ഞു. ബാര്‍ കൗണ്‍സിലിന്റെയും ബാര്‍ അസോസിയേഷന്റെയും നടപടികള്‍ തന്നെ അതിന് ഉദാഹരണമാണ്. എനിക്ക് ഇങ്ങനെ സംഭവിച്ചു. പക്ഷെ ഇനി ഒരു ആണ്‍കുട്ടിക്കോ പെണ്‍കുട്ടിക്കോ ഒന്നും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ആണ് ബെയ്‌ലിന്‍ ദാസിനെ പിന്തുണയ്ക്കുന്നത് എന്ന് കരുതുന്നില്ല. കാരണം എല്ലാ രാഷ്ട്രീയ പാര്‍ട്ടിയും എനിക്ക് ഒന്നടങ്കം പിന്തുണ അറിയിച്ചതാണ്. പ്രത്യേക സംഘടനയാണ് പ്രതിക്കൊപ്പം നില്‍ക്കുന്നത്. അതില്‍ രാഷ്ട്രീയം ഇല്ല,' ശ്യാമിലി പറഞ്ഞു.


ALSO READ: "ഓർത്തഡോക്സ് സഭാ നേതാക്കൾ പള്ളി പിടിത്തക്കാർ"; ആരോപണവുമായി മാർ അപ്രേം മെത്രാപോലീത്ത


പ്രതിയായ ബെയ്‌ലിന്‍ ദാസിന് വേണ്ടി ഹാജരാകുന്നത് ലോയേഴ്‌സ് കോണ്‍ഗ്രസ് അഭിഭാഷകന്‍ ദിലീപ് സത്യന്‍ ആണ്. രണ്ട് വര്‍ഷം മുമ്പ് നടന്ന ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനലിലന്റെ സെക്രട്ടറിയായി മത്സരിച്ചയാള്‍ കൂടിയാണ് ദിലീപ് സത്യന്‍. ബെയ്‌ലിന്‍ ദാസിന് സിപിഐഎം ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചതിനിടെയാണ് പ്രതിക്കായി കോണ്‍ഗ്രസ് അനുഭാവമുള്ള അഭിഭാഷകന്‍ ഹാജരാകുന്നത്.

പള്ളിത്തുറയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബെയ്ലിന്‍ പൊലീസിന്റെ പിടിയിലാകുന്നത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ ബെയ്ലിന്‍ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സില്‍ സ്വമേധയാ നടപടിയെടുത്തിരുന്നു. കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി. കേരള ബാര്‍ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നാണ് നടപടി. ഇത് വ്യക്തമാക്കി അഭിഭാഷകന് കഴിഞ്ഞ ദിവസം തന്നെ നോട്ടീസ് അയച്ചിരുന്നു.

അച്ചടക്ക നടപടി പൂര്‍ത്തിയാകുന്നത് വരെയാണ് വിലക്കേര്‍പ്പെടുത്തിയത്. കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയാല്‍ സ്ഥിരം വിലക്കെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. രണ്ടംഗ കമ്മറ്റിയുടെ റിപ്പോര്‍ട്ട്, ശ്യാമിലിയുടെ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഓഫീസിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിക്ക് അതിക്രൂര മര്‍ദനമേറ്റത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ ജൂനിയര്‍ അഭിഭാഷക അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് മര്‍ദിച്ചത്. പിന്നാലെ, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ബെയിലിനെ സസ്പെന്‍ഡ് ചെയ്തു.

കേസില്‍ നിയമമന്ത്രി പി. രാജീവ് ഇടപെട്ടു. വളരെ ഗൗരവകരമായ സംഭവമാണ് നമ്മുടെ നാട്ടില്‍ നടന്നത്. ഒരു സീനിയര്‍ അഭിഭാഷകന്‍ തന്റെ ജൂനിയറോട് ഇത്തരത്തില്‍ പെരുമാറുക എന്നത് കേരളത്തില്‍ തന്നെ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചിരുന്നു.

MOVIE
ഷൂട്ടിംഗ് പോലും തുടങ്ങിയില്ല; ഒടിടി സ്ട്രീമിംഗ് അടക്കം പ്രീ ബിസിനസിൽ റെക്കോർഡിട്ട് ബിഗ് ബജറ്റ് ചിത്രം
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
"ഓർത്തഡോക്സ് സഭാ നേതാക്കൾ പള്ളിപിടിത്തക്കാർ"; ആരോപണവുമായി മാർ അപ്രേം മെത്രാപോലീത്ത