ഉമ്മയോടും കടുത്ത പക; കടക്കാരെ ആക്രമിക്കാന്‍ മുളക് പൊടി; അഫാന്റെ മൊഴികള്‍ ഇങ്ങനെ

കൊലപാതക വിവരം പുറംലോകം അറിയാനാണ് വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. അഞ്ച് കൊലപാതകങ്ങള്‍ നടത്തിയതിനു ശേഷം അടുക്കളയിലെ ഗ്യാസ് തുറന്നുവിട്ടത് വീട് കത്തിനശിക്കാന്‍ വേണ്ടി
ഉമ്മയോടും കടുത്ത പക; കടക്കാരെ ആക്രമിക്കാന്‍ മുളക് പൊടി; അഫാന്റെ മൊഴികള്‍ ഇങ്ങനെ
Published on

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ മൊഴിയുടെ വിശദാംശങ്ങള്‍ ന്യൂസ് മലയാളത്തിന്. ഉമ്മ ഷെമിയോട് കടുത്ത പകയുണ്ടായിരുന്നതായാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വലിയ സാമ്പത്തിക ബാധ്യതയുണ്ടാകാന്‍ കാരണം ഉമ്മയാണെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു.


നാലഞ്ച് വര്‍ഷമായി ഉമ്മയുടെ സാമ്പത്തിക ഇടപാട് പ്രശ്‌നമായിരുന്നു. കൂട്ടുക്കൊല നടന്ന ദിവസം ഷെമിയുമായി വലിയ തര്‍ക്കമുണ്ടായിരുന്നു. വീട്ടില്‍ പണം തിരിച്ചു ചോദിച്ച് എത്തുന്ന കടക്കാരെ ആക്രമിക്കാന്‍ മുളക് പൊടി വാങ്ങി സൂക്ഷിച്ചിരുന്നതായും അഫാന്റെ മൊഴിയില്‍ പറയുന്നു.


കൊലപാതക വിവരം പുറംലോകം അറിയാനാണ് വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. അഞ്ച് കൊലപാതകങ്ങള്‍ നടത്തിയതിനു ശേഷം അടുക്കളയിലെ ഗ്യാസ് തുറന്നുവിട്ടത് വീട് കത്തിനശിക്കാന്‍ വേണ്ടിയാണ്. എല്ലാവരേയും കൊന്നതിനാലാണ് വീട് കത്തിക്കാന്‍ ശ്രമിച്ചത്. പിതാവ് ഉള്‍പ്പെടെ ആരും ആ വീട്ടില്‍ താമസിക്കേണ്ട എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തതെന്നും പ്രതി മൊഴി നല്‍കി.

കഴിഞ്ഞ ദിവസം പെണ്‍സുഹൃത്ത് ഫര്‍സാനയോടും പകയുണ്ടായിരുന്നതായി അഫാന്‍ മൊഴി നല്‍കിയിരുന്നു. പണം വെക്കാന്‍ നല്‍കിയ മാല തിരിച്ചു ചോദിച്ചതാണ് ഫര്‍സാനയോടുള്ള പകയ്ക്ക് കാരണമെന്നാണ് അഫാന്റെ മൊഴി.

കൂട്ടക്കൊല കേസില്‍ അഫാനുമായി പൊലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ചുറ്റിക വാങ്ങിയ കടയിലും ധനകാര്യ സ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടന്നത്. കടയിലെ ജീവനക്കാര്‍ അഫാനെ തിരിച്ചറിഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരും അഫാനെ തിരിച്ചറിഞ്ഞു. ഇതോടെ പിതൃമാതാവിനെ കൊന്ന കേസിലെ അഫാന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. വെള്ളിയാഴ്ചയാണ് അഫാനുമായുള്ള തെളിവെടുപ്പ് പൊലീസ് ആരംഭിച്ചത്.

തുടര്‍ന്ന് അഫാനുമായി പൊലീസ് എത്തിയത് പേരുമലയിലെ സ്വന്തം വീട്ടിലാണ്. അരമണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. മാതാവിന്റെയും സഹോദരന്റെയും പെണ്‍ സുഹൃത്തിന്റെയും ചോരക്കറ ഉണങ്ങാത്ത വീട്ടില്‍, യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് അഫാന്‍ കുറ്റകൃത്യം വിശദീകരിച്ചത്.

ആയുധമായി ചുറ്റിക തെരഞ്ഞെടുക്കാന്‍ കാരണമെന്തെന്ന ചോദ്യത്തിന്, ചുറ്റികകൊണ്ട് ശക്തിയായി തലയ്ക്കടിച്ചാല്‍ ആരും മരണപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നായിരുന്നു അഫാന്റെ മറുപടി. ചുറ്റിക എളുപ്പത്തില്‍ കൊണ്ടു നടക്കാന്‍ പറ്റിയ ആയുധമാണെന്നും പ്രതി മൊഴി നല്‍കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com