
സുപ്രീം കോടതി വിലക്ക് നിലനിൽക്കെ ഗുജറാത്തിൽ വീണ്ടും ബുൾഡോസർ രാജ്. ഗിർ സോമനാഥ് ജില്ലയിലെ പള്ളിയും ദർഗയും ഖബറിസ്ഥാനും സർക്കാർ ബുൾഡോസർ വെച്ച് പൊളിച്ചു. 36 ബുൾഡോസറുകൾ, 70 ട്രാക്ടർ ട്രോളികൾ എന്നിവ എത്തിച്ചായിരുന്നു നടപടി. പ്രതിഷേധവുമായി സ്ഥലത്തെത്തിയവരെ പൊലീസ് ഒഴിപ്പിക്കുകയും ചെയ്തു.
അനധികൃതമെന്നാരോപിച്ച് സോമനാഥ് ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെയാണ് മസ്ജിദും തകര്‍ത്തത്. 500 വർഷം പഴക്കമുള്ള പള്ളിയും ദർഗയും ഖബറിസ്ഥാനുമാണ് ബുൾഡോസർ കൊണ്ട് പൊളിച്ചത്. ഗിർ സോമനാഥ് ജില്ലയിലെ ഒൻപത് പള്ളികളും ആരാധനാലയങ്ങളും പൊളിച്ചവയിൽ പെടുന്നു. പുലര്‍ച്ചെ തുടങ്ങിയ നടപടി രാത്രി വരെ നീണ്ടു. 36 ബുൾഡോസറുകൾ, 70 ട്രാക്ടർ ട്രോളികൾ എന്നിവ എത്തിച്ചായിരുന്നു നടപടി.
സോമനാഥ് വികസന പദ്ധതിക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പൊളിക്കൽ തടസങ്ങളില്ലാതെ നടപ്പാക്കാൻ കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ജില്ലാ കളക്ടർ, ഐജിമാർ, മൂന്ന് എസ്പിമാർ, ആറ് ഡിവൈഎസ്പിമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 1,200 പൊലീസ് ഉദ്യോഗസ്ഥരെ അണിനിരത്തിയിട്ടുണ്ട്.
രാജ്യത്തുടനീളം ഒക്ടോബർ ഒന്ന് വരെ ഇത്തരം പൊളിക്കലുകൾ നിർത്തിവെക്കാൻ 10 ദിവസം മുമ്പ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പ്രധാന റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിലക്ക് നിലനിൽക്കെയാണ് ഗുജറാത്തിലെ പൊളിക്കൽ.