
സിപിഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ നിന്ന് സുധാകരനെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ സൗഹൃദ കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നുമാണ് ഇരുവരുടെയും പ്രതികരണം.
കെ.സി. വേണുഗോപാലിന്റേത് വ്യക്തിപരമായ സന്ദർശനം മാത്രമാണ്. എന്നെ കാണാൻ വന്നാൽ വേണുഗോപാൽ സിപിഎമ്മിൽ ചേരുമോ എന്നും സുധാകരൻ ചോദിച്ചു. കെ. സുരേന്ദ്രൻ പറയുന്നതിന് താൻ മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ നേതൃത്വത്തോട് യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്ന് ജി. സുധാകരൻ വ്യക്തമാക്കുമ്പോഴും ജില്ലയിലെ ഏരിയ സമ്മേളനങ്ങളിൽ ഒന്നിലും അദ്ദേഹത്തെ ക്ഷണിക്കാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരി മാത്രമായിരുന്നു സുധാകരന്റെ മറുപടി.
ജി. സുധാകരന്റെ വീടിന് ഒരുകിലോമീറ്റർ ചുറ്റളവിലാണ് ഇക്കുറി സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനം നടന്നത്. പൊതുസമ്മേളനം നടന്നത് ആകട്ടെ വീടിനോട് ചേർന്ന് നടന്ന് പോകാവുന്ന ദൂരത്തിൽ മാത്രം. എന്നിട്ടും മുതിർന്ന നേതാവെന്ന പരിഗണന പോലും നൽകാതെ ജി. സുധാകരനെ പൊതുപരിപാടിയിൽ നിന്നടക്കം ഒഴിവാക്കി.
അതേസമയം, അമ്പലപ്പുഴ മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ചന്ദ്രിക ക്യാംപയിന്റെ ഭാഗമാകുമെന്ന് അറിയിച്ചിരുന്ന ജി. സുധാകരൻ അവസാന നിമിഷം ക്യാംപയിനിൽ നിന്ന് ഒഴിവായി. വിവാദങ്ങൾക്കില്ല എന്നായിരുന്നു പിന്മാറിയതിന് സുധാകരൻ നൽകിയ മറുപടി. ഇതിന് പിന്നാലെയാണ് കെ.സി. വേണുഗോപാൽ ജി. സുധാകരന്റെ പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയത്.