പാർട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതിനേക്കാൾ മുൻതൂക്കം ജയസാധ്യതയ്ക്കാണ് നൽകിയതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ബിജെപിയുടെ ബി ടീമെന്ന ചീത്തപ്പേര് മാറ്റാനുള്ള ശ്രമത്തിലാണ് അസദുദിൻ ഒവൈസിയുടെ എഐഎംഐഎം. ഇക്കുറി 16 സീറ്റിൽ മാത്രമാണ് പാർട്ടി മത്സരിക്കുന്നത്. വിജയസാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നാണ് സംസ്ഥാന ഘടകം നൽകുന്ന വിശദീകരണം. തെലങ്കാനയ്ക്ക് പുറത്ത് എഐഎംഐഎമ്മിൻ്റെ സ്വാധീന മേഖലകളിൽ ഒന്നാണ് മഹാരാഷ്ട്ര. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 22 സീറ്റിൽ മത്സരിച്ച പാർട്ടി 2019 ൽ 44 ഇടത്ത് ജനവിധി തേടിയിരുന്നു.
എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അത് 16 സീറ്റുകളിലേക്ക് ഒതുക്കുകയാണ് ചെയ്തത്. കഴിഞ്ഞ തവണ മത്സരിച്ചതിൻ്റെ മൂന്നിലൊന്നിലേക്കാണ് മത്സരം ചുരുക്കിയത്. പാർട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതിനേക്കാൾ മുൻതൂക്കം ജയസാധ്യതയ്ക്കാണ് നൽകിയതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. തെരഞ്ഞെടുപ്പിനുശേഷം മഹാവികാസ് അഘാഡി, മഹായുതി സഖ്യങ്ങളുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.
ആർക്കും ഭൂരിപക്ഷം കിട്ടില്ലെന്ന കൂട്ടിക്കിഴിക്കലുകളും എഐഎംഐഎം നേതൃത്വത്തിന് പിന്നിലുണ്ട്. ഈ സാഹചര്യത്തിൽ ഒന്നിലധികം ഘടങ്ങൾ സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പിൽ അഞ്ചു മുതൽ ഏഴ് സീറ്റുകൾ നേടിയാൽ കിംഗ് മേക്കറാകാമെന്നാണ് എഐഎംഐഎമ്മിൻ്റെ കണക്കുകൂട്ടൽ. ജയിക്കാൻ കഴിയുന്ന സീറ്റുകൾ സസൂക്ഷ്മം തെരഞ്ഞെടുത്താണ് സ്ഥാനാർഥികളെ തീരുമാനിച്ചത്.
മുസ്ലിം വോട്ടുകൾക്കൊപ്പം ദളിത് വോട്ടുകൾ സമാഹരിക്കാൻ നാല് ദളിത് സ്ഥാനാർഥികളെയും മത്സരംഗത്തിറക്കിയിട്ടുണ്ട്. ആൾക്കൂട്ട ആക്രമണം, ന്യൂനപക്ഷ പീഡനം തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് പ്രചരണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം എഐഎംഐഎമ്മിൻ്റെ സാന്നിധ്യം ഇന്ത്യ സഖ്യത്തിൽ എത്തേണ്ട ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചിരുന്നു. ഇതോടെയാണ് ബിജെപിയുടെ ബി ടീമെന്ന് ഇന്ത്യ സഖ്യ കക്ഷികൾ മുദ്ര കുത്തിയത്. ഇത്തവണ മത്സരിക്കുന്ന സീറ്റുകൾ കുറച്ചതുവഴി ആ ആരോപണത്തിനും തടയിടാനാകുമെന്ന് എഐഎംഐഎം വിശ്വസിക്കുന്നു.
അതേസമയം മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചിത്രത്തിന് അന്തിമരൂപമായി. നവംബർ 20ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ 4,140 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഭരണപക്ഷമായ മഹായുതി, പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യങ്ങൾക്കെതിരെ രംഗത്തെത്തിയ വിമതരിൽ നിരവധിപേർ പത്രിക പിൻവലിക്കാൻ തയ്യാറായില്ല. കോൺഗ്രസിനെ ഞെട്ടിച്ച് കോലാപൂർ നോർത്തിൽ നിന്നുള്ള സ്ഥാനാർഥി മധുരിമ രാജെ ഛത്രപതി ഇതിനോടകം പത്രിക പിൻവലിച്ചു. മധുരിമയുടെ പിന്മാറ്റത്തോടെ കോൺഗ്രസിന് ഇവിടെ സ്ഥാനാർഥിയില്ലാതായി.