fbwpx
വായുമലിനീകരണത്തിൽ ശ്വാസം മുട്ടി പിടയുന്ന ഡൽഹി; വായുഗുണനിലവാരത്തിൽ മുൻപന്തിയിൽ തിരുവനന്തപുരം നഗരം
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Nov, 2024 02:52 PM

ഡൽഹിയിലെ എക്യുഐ 496ന് അടുത്തെത്തിയെങ്കിൽ തിരുവനന്തപുരത്ത് അത് വെറും 65 ആണ്

NATIONAL



ഒരാഴ്ചയ്ക്കടുത്തായി രാജ്യതലസ്ഥാനം ശുദ്ധ വായു ലഭിക്കാതെ പിടയുകയാണ്. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 500നടുത്ത് എത്തിയിരുന്നു. അതായത് വായുവിൻ്റെ ഗുണനിലവാരം ‘അപകടരമായവിധം’ (severe Plus) ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്. രാജ്യതലസ്ഥാനം മലിനീകരണത്താൽ പൊറുതിമുട്ടുകയാണെങ്കിലും എക്യുഐ പട്ടികയിൽ ഏറ്റവും കുറവ് വായമലിനീകരണം രേഖപ്പെടുത്തിയത് നമ്മുടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. ഡൽഹിയിലെ എക്യുഐ 496ന് അടുത്തെത്തിയെങ്കിൽ തിരുവനന്തപുരത്ത് അത് വെറും 65 ആണ്.

എക്യുഐ പട്ടികയനുസരിച്ച്, അസമിലെ ഗുവഹത്തി, തിരുവനന്തപുരം എന്നീ നഗരങ്ങളിലാണ് തൃപ്തികരമായ വായുഗുണനിലവാരമുള്ളത്. ചൊവ്വാഴ്‌ച രാവിലെ ആറ്‌ മണിക്ക്‌ നഗരങ്ങളിലെ മലീനീകരണ തോത്‌ അനുസരിച്ചുള്ള കണക്കാണിത്. എന്തായിരിക്കും തിരുവനന്തപുരത്ത് വായുമലിനീകരണം കുറയാൻ കാരണം?

തിരുവനന്തപുരം നഗരം

2023ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 75,650 ഇലക്ട്രിക് വാഹനങ്ങളാണ്. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ വായുമലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി സർക്കാർ തന്നെ ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻ‌തൂക്കം നൽകിയിരുന്നു. ഒപ്പം തിരുവനന്തപുരം നഗരത്തിൻ്റെ മുഖമുദ്രയായ ഇലക്ട്രിക് കെഎസ്ആർടിസി ബസുകളും വായുമലിനീകരണത്തിൻ്റെ തോത് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.

ALSO READ: ഡൽഹിയിൽ വായുമലിനീകരണം അനിയന്ത്രിതാവസ്ഥയിൽ; എന്താണ് വായു ഗുണനിലവാര കമ്മീഷൻ ഏർപ്പെടുത്തിയ ജിആർഎപി നാല്?


ഡൽഹിയിലെ അതിരൂക്ഷ വായുമലിനീകരണത്തെ കേരളവുമായി താരതമ്യപ്പെടുത്തിക്കൊണ്ട് പ്രിയങ്ക ഗാന്ധി പങ്കുവെച്ച എക്സ് പോസ്റ്റും വലിയ ചർച്ചയായിരുന്നു. എക്യുഐ 35 ആയി രേഖപ്പെടുത്തിയിട്ടുള്ള അതിമനോഹരമായ വായുവുള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലെത്തിയപ്പോൾ, പുക നിറച്ച അറയിൽ കയറിയ പ്രതീതിയാണെന്നായിരുന്നു പ്രിയങ്ക എക്സിൽ കുറിച്ചത്.

ഡൽഹിയിലെ നിലവിലെ സാഹചര്യം

ഈ ശൈത്യകാലത്തെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോൾ ഡൽഹി. പ്രദേശത്തെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര സൂചിക 450നു മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രദേശത്ത് പ്രഖ്യാപിച്ചിരിക്കുകയാണ്. മെഡിക്കല്‍ എമര്‍ജന്‍സി എന്നാണ് നിലവിലെ വായുസാഹചര്യത്തെ ഡല്‍ഹി സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വായു നിലവാര സൂചിക പ്രകാരം പൂജ്യം മുതല്‍ 50 വരെയാണ് മികച്ച വായുഗുണനിലവാരമുള്ളത്. 50 മുതല്‍ 100 വരെയാണ് ഉചിതമായത് അല്ലെങ്കില്‍ താരതമ്യേന മോശമല്ലാത്തത് എന്ന വിഭാഗത്തില്‍ ഉൾപ്പെടുന്നു. 100 മുതല്‍ 200 വരെ മോശം അവസ്ഥ. 200 മുതല്‍ 300 വരെ അപകടകരമായ അവസ്ഥ. 300 മുതല്‍ 400 വരെ വായുമലിനീകരണം രൂക്ഷമായ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍, 400 മുതല്‍ മുകളിലേയ്ക്കുള്ളത് അതീവ ഗുരുതരമായതും മനുഷ്യ ജീവനുതന്നെ അപകടമുള്ളതുമാണ്. ഡൽഹിയിലെ വായു ശ്വസിക്കുന്നത് ദിനം പ്രതി 16 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണെന്നാണ് എക്യുഐയുടെ വെബ്സൈറ്റിൽ പറയുന്നത്. ഇപ്പോൾ എക്യുഐ 500നടുത്ത് രേഖപ്പെടുത്തിയ ഡൽഹിയിൽ താമസിക്കുന്നത് മനുഷ്യജീവന് തന്നെ അപകടകരമാണെന്ന് സാരം.

ALSO READ: ഡൽഹിയിൽ മലിനീകരണം അതിതീവ്രം; 10, 12 ഒഴികെയുള്ള ക്ലാസുകൾക്ക് ഓൺലൈൻ ക്ലാസുകൾ


മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന സിഎൻജി, ഇലക്ട്രിക് ട്രക്കുകളും അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. ഡൽഹിക്ക് പുറത്തുള്ള രജിസ്റ്റർ ചെയ്യുന്ന ലഘു വാണിജ്യ വാഹനങ്ങൾക്കും പ്രവേശനം നൽകില്ല. ബിഎസ്–4 നിലവാരത്തിലുള്ളതും താഴെയുള്ളതുമായ വാഹനങ്ങൾക്കും ഹെവി ഗുഡ് വെഹിക്കിളുകൾക്കും പ്രവേശനം ഉണ്ടാകില്ല. ശനിയാഴ്ച വരെ പുകമഞ്ഞുള്ള അവസ്ഥയും കുറഞ്ഞ കാറ്റും തുടരുമെന്ന‍ാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

വായുമലിനീകരണം തുടരുന്ന സാഹചര്യത്തിൽ വായു ഗുണനിലവാര മാനേജ്മെൻ്റ് കമ്മീഷൻ, ജിആർഎപി (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) നാല് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ തീരുമാനത്തിലെത്തി. നേരത്തെ, ജിആർഎപി മൂന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, വായുമലിനീകരണം അതിതീവ്ര നിലയിലേക്ക് കടന്നതാണ് ജിആർഎപി നാല് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.മാർഗനിർദ്ദേശങ്ങൾ പാലിക്കാനും, മേഖലയിലെ വായുവിൻ്റെ ഗുണനിലവാരം നിലനിർത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ജിആർഎപി നടപടികൾ വിജയകരമായി നടപ്പിലാക്കാൻ സഹായിക്കാനും ജനങ്ങളോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. കുട്ടികൾ, പ്രായമായവർ, ശ്വസന, ഹൃദയ, സെറിബ്രോവാസ്കുലർ അല്ലെങ്കിൽ മറ്റ് വിട്ടുമാറാത്ത രോഗങ്ങളുള്ളവർ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരുകയും ബാഹ്യ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം.




NATIONAL
നഗ്രോത്തയില്‍ സൈനിക കേന്ദ്രത്തിന് സമീപം വെടിവെപ്പ്; ഒരു സൈനികന് പരിക്ക്
Also Read
user
Share This

Popular

NATIONAL
KERALA
"പാക് നുഴഞ്ഞുകയറ്റം അങ്ങേയറ്റം അപലപനീയം"; വെടിനിർത്തൽ ലംഘിച്ചുള്ള അക്രമങ്ങളെ ഗൗരവത്തോടെ കാണുമെന്ന് ഇന്ത്യ