ഹേമ കമ്മിഷൻ റിപ്പോർട്ട്: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

അഭിനേതാക്കൾക്കും സംവിധായകാർക്കും ടെക്നീഷ്യൻസിനും എതിരെ വിലക്കുകൾ ഏർപ്പെടുത്തിയതിനെ കുറിച്ച് നേരത്തെ ഉയർന്ന പരാതികളും ചർച്ചകളും ശരിവെക്കുന്നതാണ് ഹേമ കമ്മീഷൻ റിപ്പോർട്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു
ഹേമ കമ്മിഷൻ റിപ്പോർട്ട്: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മുഖ്യമന്ത്രിക്ക് കത്ത് നൽകി
Published on

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സമഗ്രാന്വേഷണവും തുടർനടപടികളും ആവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി.മലയാള സിനിമ മേഖലയിൽ ക്രിമിനൽവൽക്കരണവും മാഫിയവൽക്കരണവും പിടിമുറുക്കിയിരിക്കുകയാണ്. അഭിനേതാക്കൾക്കും സംവിധായകാർക്കും ടെക്നീഷ്യൻസിനും എതിരെ വിലക്കുകൾ ഏർപ്പെടുത്തിയതിനെ കുറിച്ച് നേരത്തെ ഉയർന്ന പരാതികളും ചർച്ചകളും ശരിവെക്കുന്നതാണ് ഹേമ കമ്മീഷൻ റിപ്പോർട്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മലയാള സിനിമ രം​ഗത്തെ സ്ത്രീകൾ നേരിടുന്ന ചൂഷണം തടയുന്നതിനായി ഇൻ്റേണൽ കംപ്ലയൻസ് കമ്മറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് പ്രശ്നങ്ങൾ തീർപ്പാക്കുന്നതിനും, ഒരു സ്പെഷ്യൽ ട്രിബ്യൂണൽ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. വിവരവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്ന് അഞ്ച് വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് റിപ്പോർട്ട് പുറത്തുവന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധത, കാസ്റ്റിങ് കൗച്ച്, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പോലും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങൾ തുടങ്ങി എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്നും നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സാധൂകരിക്കുന്ന വാട്സ്ആപ്പ് മെസേജുകളും സ്ക്രീന്‍ഷോട്ടുകളും അടക്കമുള്ള തെളിവുകള്‍ കമ്മിറ്റിയുടെ പക്കലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com