കോൺഗ്രസ് മുഖ്യമന്ത്രി ഭരിക്കുന്ന യുഡിഎഫ് സർക്കാർ കേരളത്തിൽ ഉണ്ടാക്കുകയാണ് അവർക്കുള്ള ദൗത്യം. ആ ദൗത്യത്തിൽ പൂർണമായി വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും എ.കെ. ആൻ്റണി പ്രതികരിച്ചു
മലയോര കർഷകന്‍റെ പുത്രൻ കെപിസിസി അധ്യക്ഷനായിരിക്കുന്നുവെന്നും ഇതിൽ വലിയ സന്തോഷമുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. കോൺഗ്രസ് മുഖ്യമന്ത്രി ഭരിക്കുന്ന യുഡിഎഫ് സർക്കാർ കേരളത്തിൽ ഉണ്ടാക്കുകയാണ് അവർക്കുള്ള ദൗത്യം. ആ ദൗത്യത്തിൽ ഇവർ പൂർണമായി വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും എ.കെ. ആൻ്റണി പ്രതികരിച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയപ്പോഴായിരുന്നു എ.കെ. ആൻ്റണിയുടെ പ്രതികരണം.
ALSO READ: സംസ്ഥാനത്ത് കോൺഗ്രസിനെ സണ്ണി ജോസഫ് നയിക്കും; കെപിസിസി പ്രസിഡൻ്റായി ഇന്ന് സ്ഥാനമേൽക്കും
യുഡിഎഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളെയും കൂടെ നിർത്താൻ കഴിഞ്ഞാൽ 2001നേക്കാൾ വലിയ വിജയം സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്നാണ് വിശ്വാസം. ഞാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രണ്ട് വിഭാഗം - തീരദേശ ജനങ്ങളും മലയോരത്തെ ജനങ്ങളുമാണ്. കേരളത്തിലെ കോൺഗ്രസിൻ്റെ ചരിത്രത്തിലാദ്യമായി ഉളിക്കൽ ഗ്രാമത്തിൽ ജനിച്ച് വളർന്ന മലയോര കർഷകൻ്റെ പുത്രൻ കെപിസിസി പ്രസിഡൻ്റായിരിക്കുന്നു. അത് വളരെ സന്തോഷമുള്ള കാര്യമാണ്. മലയോര കർഷകർ ഇന്ന് ഉറക്കമില്ലാത്ത രാത്രികളിലൂടെ കടന്നുപോകുകയാണ്. ഈ സമയത്ത് അവർക്ക് കൂടുതൽ ആശ്വാസം നൽകുവാൻ ഈ ടീമിന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും എ.കെ. ആൻ്റണി പറഞ്ഞു.
ALSO READ: സഭാ നിലപാടും ജനകീയനെന്ന പ്രതിച്ഛായയും ഗുണം ചെയ്തു; സംസ്ഥാന കോൺഗ്രസ് നായകസ്ഥാനത്ത് ഇനി സണ്ണി ജോസഫ്
എ.കെ. ആൻ്റണിയുടെ അനുഗ്രഹത്തോടെയാണ് കെപിസിസി ഓഫീസിലേക്ക് പോകുന്നതെന്ന് നിയുക്ത കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചു. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ ഉപദേശ നിർദേശങ്ങൾക്കും ടീം എന്നും കടപ്പെട്ടിരിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.