ആലപ്പുഴ CPM ജില്ലാ സമ്മേളനം: 'വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണം'; പ്രതിനിധികളെ അഭിനന്ദിച്ച് പിണറായി

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇന്ന്.
ആലപ്പുഴ CPM ജില്ലാ സമ്മേളനം: 'വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണം'; പ്രതിനിധികളെ അഭിനന്ദിച്ച് പിണറായി
Published on

ആലപ്പുഴയിലെ സിപിഎം ജില്ലാ സമ്മേളന ചർച്ചകളിൽ പ്രതിനിധികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ചർച്ചകൾ ക്രിയാത്മകമായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുൻപത്തെ സമ്മേളനങ്ങളിലെ ചർച്ചകൾ പോലെയല്ല ഇത്തവണ നടന്നത്. വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറുപടി പ്രസംഗത്തിലാണ് പോളിറ്റ് ബ്യൂറോ ആം​ഗം കൂടിയായ പിണറായി വിജയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.



സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ ഒരു വിമർശനവും ചർച്ചയിൽ ഉണ്ടായില്ലെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. എൽഡിഎഫിലെ ചെറുതും വലുതുമായ എല്ലാ കക്ഷികളെയും ചേർത്തു നിർത്തണം. കുറവുകളുണ്ടെങ്കിലും സ്വന്തമെന്ന പോലെ ചേർത്തു നിർത്തണം. സിപിഎം ചിഹ്നത്തിൽ വോട്ടു ചെയ്യാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. എപ്പോഴും അതിന് കഴിയില്ലെന്നും പിണറായി പറഞ്ഞു. നമ്മുടെ സ്വന്തം സ്ഥാനാർഥി എന്ന പോലെ കരുതി പ്രവർത്തിക്കണം. ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകും എന്നാൽ ഒറ്റ മുന്നണി എന്ന ചിന്ത വേണമെന്നും പിണറായി കൂട്ടിച്ചേർത്തു. സിപിഐക്കും എൻസിപിക്കും എതിരെ ചർച്ചയിൽ വിമർശനം ഉയർന്നിരുന്നു.



സമുദായ സംഘടനകൾ യാഥാർത്ഥ്യമെന്നും പിണറായി വിജയന്‍ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ആലപ്പുഴയിൽ എസ്എൻഡിപി യോഗവും മറ്റു സമുദായ സംഘടനകളുമായി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണം. നഷ്ടപ്പെട്ട വോട്ട് തിരികെ കൊണ്ടുവരണം. അകന്ന ജനവിഭാഗങ്ങൾ, സംഘടനകൾ എന്നിവരുമായി നിരന്തര ബന്ധം വേണം. ന്യൂനപക്ഷങ്ങൾ, യുവാക്കൾ എന്നിവരുടെ ഇടയിലുള്ള പ്രവർത്തനത്തിൽ ശ്രദ്ധിക്കണം. അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണണമെന്നും വോട്ടു നഷ്ടപ്പെടാനിടയാക്കിയ കാരണങ്ങൾ കണ്ടെത്തി തിരുത്തണമെന്നും  പിണറായി കൂട്ടിച്ചേ‍ർത്തു.

അതേസമയം, പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വോട്ടു ചോർച്ചയുണ്ടായ അമ്പലപ്പുഴ, ഹരിപ്പാട്, കായംകളം എന്നിവിടങ്ങളിൽ പ്രത്യേകം യോഗങ്ങൾ ചേരും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ സാന്നിധ്യത്തിലാകും യോഗങ്ങൾ.

മുൻ എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജന്‍, ആരോഗ്യ മന്ത്രി വീണ ജോർജ് എന്നിവർക്ക് ജില്ലാ സമ്മേളനത്തിൽ വിമർശനം നേരിട്ടിരുന്നു. ആലപ്പുഴയിൽ വിഭാഗീയതകൾ വ്യക്തി കേന്ദ്രീകൃതമാണെന്നും വോട്ട് ചോർച്ച കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിമർശനം വന്നിരുന്നു. റോഡിൽ സ്റ്റേജ് കെട്ടിയതും തുടർന്ന് ഉണ്ടായ വിവാദ പ്രസ്താവനകളും തിരിച്ചടിയുണ്ടാക്കി. എന്നാൽ അതില്‍ നടപടിയൊന്നും ഉണ്ടാകാത്തതിലും വിമർശനം ഉണ്ടായി. അതേസമയം മുഖ്യമന്ത്രിയേയും സജി ചെറിയാനേയും പ്രതിനിധികൾ വാനോളം പുകഴ്ത്തി.

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇന്ന്. ഉച്ചയോടെ ജില്ലാ സെക്രട്ടറി നാസർ അവതരിപ്പിച്ച പ്രവർത്തന റിപ്പോ‍ർട്ടിനു മേലുള്ള ചർച്ച പൂർത്തിയായി. ഉച്ചയ്ക്ക് ശേഷം ചർച്ചയ്ക്കുളള മറുപടി ജില്ലാ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അം​ഗമായ പിണറായി വിജയനും നൽകി. അഞ്ചു മണിക്കൂർ നീണ്ട ചർച്ചയിൽ എട്ട് വനിതകളുൾപ്പടെ 43 പേരാണ് പങ്കെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com