കലൂര്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷയടക്കം കണക്കിലെടുത്താണ് നടപടി
കേരള ബ്ലാസ്‌റ്റേഴ്‌സ് 2025-26 സീസണിലേക്കുള്ള പ്രീമിയര്‍ വണ്‍ ക്ലബ് ലൈസന്‍സ് റദ്ദാക്കി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ലൈസന്‍സ് റദ്ദാക്കിയത്. കലൂര്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷയടക്കം കണക്കിലെടുത്താണ് നടപടി. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യത്തിലാണ് ലൈസന്‍സ് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു.
'ക്ലബിന്റെ നിയന്ത്രണത്തിലല്ലാത്ത ചില നടപടികളുടെ ഭാഗമായി നിര്‍ഭാഗ്യവശാല്‍ 2025-26 സീസണിലെ ക്ലബ് ലൈസന്‍സ് ലഭിച്ചില്ല. അധികൃതരുമായി സംസാരിച്ചുകൊണ്ടിരിക്കുയാണ്. വരുന്ന സീസണില്‍ മത്സരിക്കാനാവുന്ന വിധം എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്,' കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക കുറിപ്പിലൂടെ വ്യക്തമാക്കി.
ALSO READ: IPL 2025 | പ്ലേ ഓഫിനൊരുങ്ങുന്ന ആർസിബിക്ക് ഒരു സന്തോഷ വാർത്ത!
അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് മത്സരിക്കണമെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. ബ്ലാസ്റ്റേഴ്‌സിന് പുറമെ, ഓഡീഷ എഫ് സി, നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ്, ഹൈദരാബാദ് എഫ് സി, മുഹമ്മദന്‍ എഫ് സി എന്നീ ക്ലബുകള്‍ക്കും ലൈസന്‍സ് നിഷേധിക്കപ്പെട്ടു.
ക്ലബുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് എല്ലാവര്‍ഷവും ലൈസന്‍സ് നല്‍കി വരുന്നത്. ഈ വര്‍ഷം 15 ടീമുകളാണ് ലൈസന്‍സിനായി അപേക്ഷിച്ചത്. അതില്‍ പഞ്ചാബ് എഫ്‌സിക്ക് മാത്രമാണ് നിര്‍ദേശങ്ങളേതും നല്‍കാതെ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്ന ക്ലബുകള്‍ക്കാണ് ഇത്തരത്തില്‍ പൂര്‍ണമായ ലൈസന്‍സ് നല്‍കുക.
ചില നിബന്ധനകളോട് കൂടിയാണ് മുംബൈ എഫ്‌സി, മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി, എഫ്‌സി ഗോവ, ചെന്നൈയിന്‍ എഫ്‌സി ഈസ്റ്റ് ബംഗാള്‍ എന്നീ ക്ലബുകള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.