രണ്ട് വർഷത്തെ തൻ്റെ കാലാവധിയിൽ ജസ്റ്റിസ് ചന്ദ്രചൂഡ് ചരിത്രപരമായ നിരവധി വിധിന്യായങ്ങളുടെ ഭാഗമായിട്ടുണ്ട്
വികാരഭരിതമായ വാക്കുകളോടെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് തന്‍റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. കോടതിയിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ദയവായി ക്ഷമിക്കണമെന്ന് ചന്ദ്രചൂഡ് നന്ദി പ്രസംഗത്തിൽ പറഞ്ഞു. "എൻ്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ" എന്ന അർഥത്തില്‍ "മിച്ചാമി ദുക്കഡം" എന്ന ജൈന വാചകം ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനെ ആദരിക്കാനെത്തിയ അഭിഭാഷകരും അസോസിയേഷന്‍ അംഗങ്ങളും ജുഡീഷ്യറിയിലെ "റോക്ക് സ്റ്റാർ" എന്നാണ് ഡി.വൈ. ചന്ദ്രചൂഡിനെ വിശേഷിപ്പിച്ചത്.
“നാളെ മുതൽ എനിക്ക് നീതി നടപ്പാക്കാന്‍ സാധിക്കില്ല, പക്ഷേ ഞാൻ സംതൃപ്തനാണ്. വിരമിക്കല്‍ ചടങ്ങ് എപ്പോൾ തുടങ്ങണം എന്ന് എൻ്റെ രജിസ്ട്രാർ ജുഡീഷ്യൽ എന്നോട് ചോദിച്ചപ്പോൾ, തീർപ്പുകൽപ്പിക്കാതെ കിടക്കുന്ന ഒരുപാട് ഇനങ്ങളില്‍ ചിലത് തീർപ്പാക്കാന്‍ സമയം കിട്ടുമെന്ന് കരുതി ഉച്ചയ്ക്ക് 2 മണി എന്ന് ഞാൻ പറഞ്ഞു. പക്ഷെ, ഒരു വെള്ളിയാഴ്ച ദിവസം ഉച്ചതിരിഞ്ഞ് 2 മണിക്ക് ആരെങ്കിലും ഇവിടെ ഉണ്ടാകുമോ എന്ന് ഞാന്‍ സ്വയം ആശ്ചര്യപ്പെട്ടു? അതോ ഞാൻ സ്‌ക്രീനിൽ എന്നെത്തന്നെ നോക്കിയിരിക്കേണ്ടി വരുമോ?,” ചന്ദ്രചൂഡ് പറഞ്ഞു.
മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിംഗ്വി അടക്കം നിരവധി മുതിർന്ന അഭിഭാഷകർ ചടങ്ങിൽ ചീഫ് ജസ്റ്റിസുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചു സംസാരിച്ചു. 2022 നവംബർ എട്ടിനാണ് ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് ചുമതലയേറ്റത്. സഞ്ജീവ് ഖന്നയാണ് ചന്ദ്രചൂഡിന്റെ പിന്‍ഗാമി. രാജ്യത്തെ 51ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച ചുമതലയേല്‍ക്കും.
"ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിച്ചത്... ഒരുപാട് അറിയാത്ത ആളുകളെ കണ്ടുമുട്ടി. ഓരോരുത്തരോടും പ്രത്യേകം നന്ദി പറയുകയാണ്. തന്‍റെ നടപടികളുടെ ഭാഗമായി ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ ക്ഷമിക്കണമെന്ന് അഭ്യർഥിക്കുകയാണ്. എന്നെ യാത്രയാക്കാൻ ഇത്രയധികം ആളുകൾ വന്നതിന് ഒരുപാട് നന്ദി...", വിടവാങ്ങൽ പ്രസംഗത്തിൽ വൈകാരികമായ ഭാഷയിൽ ചന്ദ്രചൂഡ് പറഞ്ഞു.
രണ്ട് വർഷത്തെ തൻ്റെ കാലാവധിയിൽ ജസ്റ്റിസ് ചന്ദ്രചൂഡ് ചരിത്രപരമായ നിരവധി വിധിന്യായങ്ങളുടെ ഭാഗമായിട്ടുണ്ട്. ജമ്മു കശ്മീരിൻ്റെ രാഷ്ട്രീയത്തെ പുനർനിർവചിച്ച ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ്. 2024 സെപ്റ്റംബറിൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നു ഉത്തരവിട്ട ബെഞ്ച് എത്രയും വേഗം സംസ്ഥാന പദവി പുനഃസ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. സ്വവർഗ വിവാഹങ്ങളെ അംഗീകരിക്കുന്ന തരത്തില്‍ പ്രത്യേക വിവാഹ നിയമം മാറ്റനുള്ള നിയമത്തോട് വിസമ്മതിച്ചതാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറ്റൊരു സുപ്രധാന വിധി. എന്നിരുന്നാലും, സമൂഹത്തിന്‍റെ ഭാഗത്തുനിന്നും വിവേചനരഹിതവും മാന്യവുമായുള്ള പെരുമാറ്റം എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയുടെ അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടികള്‍ക്ക് നല്‍കുന്ന ധനസഹായത്തിൽ കൂടുതൽ സുതാര്യത നിർബന്ധമാക്കാന്‍ ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത് നിർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ഉത്തരവിട്ടുകൊണ്ട്, വിവാദ ഇലക്ടറൽ ബോണ്ട് പദ്ധതി പൊളിച്ചെഴുതാനുള്ള തീരുമാനത്തിനും നേതൃത്വം നല്‍കിയത് ജസ്റ്റിസ് ചന്ദ്രചൂഡായിരുന്നു. അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്രം നിർമിക്കാൻ വിട്ടുനൽകിയ ബെഞ്ചിലും ചന്ദ്രചൂഡ് ഉണ്ടായിരുന്നു. അഞ്ചംഗ ബെഞ്ച് ഐകകണ്ഠേനെയാണ് തീരുമാനത്തിലേക്കെത്തിയത്. 2018ൽ ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹർജി തള്ളിക്കളഞ്ഞ ബെഞ്ചിന്‍റെയും ഭാഗമായിരുന്നു ഡി.വൈ. ചന്ദ്രചൂഡ്.