ട്രംപിൻ്റെ വിജയം ആഘോഷിക്കാൻ നിരവധി ആളുകളാണ് ബുധനാഴ്ച ആരാധനാലയത്തിൽ ഒത്തുകൂടിയത്
തെരഞ്ഞെടുപ്പിൽ വിജയിച്ച് അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് ഡൊണാൾഡ് ട്രംപ് തിരിച്ചെത്താനിരിക്കെ വീണ്ടും ചർച്ചയാവുകയാണ് തെലങ്കാനയിലെ ട്രംപ് ക്ഷേത്രം. ട്രംപിൻ്റെ വിജയം ആഘോഷിക്കാൻ നിരവധി ആളുകളാണ് ബുധനാഴ്ച ആരാധനാലയത്തിൽ ഒത്തുകൂടിയത്. ക്ഷേത്രത്തിൽ സ്ഥാപിച്ച പ്രതിമയിൽ മാല ചാർത്തിയാണ് ഗ്രാമവാസികൾ ട്രംപിന്റെ വിജയം ആഘോഷിച്ചത്.
ട്രംപിന്റെ വലിയ ആരാധകനായ ബുസ്സ കൃഷ്ണയാണ് 2019 ൽ അദ്ദേഹത്തിനായി ക്ഷേത്രം നിർമിക്കുന്നത്. തെലങ്കാനയിലെ ജങ്കാവോൺ ജില്ലയിലെ കോനെ ഗ്രാമത്തിലെ വീട്ടിലാണ് ബുസ്സ ട്രംപിന്റെ മെഴുകുപ്രതിമ സ്ഥാപിച്ചത്. 2020 ഒക്ടോബറിൽ ഹൃദയാഘാതത്തെ തുടർന്ന് ബുസ്സ കൃഷ്ണ മരിക്കുകയും ചെയ്തു.
കൃഷ്ണയുടെ അഭാവത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഗ്രാമവാസികളും ചേർന്നാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്. ട്രംപ്, കൃഷ്ണയ്ക്ക് ദൈവതുല്യനാണെന്നും അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ട്രംപിൻ്റെ വിജയത്തോടെ കൃഷ്ണയെയും ലോകം അറിയുമായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
ട്രംപ് അന്നത്തെ യുഎസ് പ്രസിഡൻ്റായിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഫോട്ടോ മുറിയിൽ സ്ഥാപിച്ച് കൃഷ്ണ ആരാധന തുടങ്ങിയത്. തുടർന്നാണ് 2019 ൽ, അദ്ദേഹം തൻ്റെ വീടിന് മുന്നിൽ ഡൊണാൾഡ് ട്രംപിൻ്റെ ആറടി ഉയരമുള്ള പ്രതിമ നിർമിക്കുകയും, പതിവായി പൂജകൾ നടത്തുകയും ചെയ്തത്. രണ്ട് ലക്ഷം രൂപയാണ് പ്രതിമ നിർമിക്കാനായി ചെലവായതെന്നും ബുസ്സ കൃഷ്ണ അവകാശപ്പെട്ടിരുന്നു.
കോനെ ഗ്രാമത്തിൽ ഡൊണാൾഡ് ട്രംപ് കൃഷ്ണ എന്നായിരുന്നു ബുസ്സ കൃഷ്ണയെ വിളിച്ചിരുന്നത്. ട്രംപിൻ്റെ പോസ്റ്ററുകളും സ്റ്റിക്കറുകളും തന്റെ വീട്ടിലുടനീളം ഒട്ടിക്കുകയും, ട്രംപിനെ പുകഴ്ത്തി ചുവരെഴുത്തുകളും ബുസ്സ കൃഷ്ണ എഴുതിയിരുന്നു. ട്രംപിന് കോവിഡ് -19 സ്ഥിരീകരിച്ചപ്പോൾ അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും ബുസ്സ കൃഷ്ണ പുറത്തുവിട്ടിരുന്നു.