
ആമയൂർ കൂട്ടക്കൊലക്കേസിലെ പ്രതി റെജികുമാറിന്‍റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. വിധശിക്ഷ ശരിവെച്ച ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. 16 വര്‍ഷത്തെ നല്ലനടപ്പ് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.
ജയിലിൽ കഴിഞ്ഞ കാലയളവിൽ റെജികുമാറിന്റെ സ്വഭാവം, ചെയ്ത ജോലികൾ എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കൈമാറാൻ വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ടിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ റദ്ദ് ചെയ്ത നടപടി.
2009-ലാണ് റെജികുമാറിന് പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നടരാജൻ വധശിക്ഷ വിധിച്ചത്. പിന്നീട് ഹൈക്കോടതി 2014-ൽ കീഴ്‌ക്കോടതി വിധി ശരി വെയ്ക്കുകയായിരുന്നു. പ്രതിക്ക് മാനസാന്തരത്തിനുള്ള സാധ്യത പോലും കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയും വിചാരണക്കോടതിയും ശിക്ഷ വിധിച്ചതെന്നായിരുന്നു റെജിയുടെ അഭിഭാഷകന്റെ വാദം. ഈ വാദം സുപ്രീം കോടതി കണക്കിലെടുത്തു.
2008 ജൂലൈ എട്ട് മുതലായിരുന്നു കൊലപാതക പരമ്പര. ഭാര്യ ലിസി, മക്കളായ അമല്യ, അമൽ, അമലു, അമന്യ എന്നിവരെ റെജികുമാർ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ജൂലൈ എട്ടിനാണ് ലിസിയെ കൊലപ്പെടുത്തിയത്. അമന്യയെയും അമലിനെയും ജൂലൈ 13ന് കൊലപ്പെടുത്തി. അമലുവിനെയും അമല്യയെയും 23നും. ലിസിയുടെ മൃതശരീരം കണ്ടെത്തിയത് സെപ്ടിക് ടാങ്കില്‍ നിന്നാണ്. അമലിന്റെയും അമല്യയുടെയും മൃതശരീരം സമീപത്തെ വസ്തുവില്‍ നിന്ന് അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്.